2010, ഡിസംബർ 21, ചൊവ്വാഴ്ച

കമ്മാരന്‍ രമേശന്‍

കമ്മാരന്‍ രമേശന്‍ എന്നു പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം. ഒരു പക്ഷെ അങ്ങിനെ പറഞ്ഞാലേ അറിയൂ എന്ന് പറയാം. കറുത്ത് നീളം കുറഞ്ഞ ഒരു പാവം ചേട്ടന്‍. വയസ്സ് 40 ആയെങ്കിലും അവിവാഹിതന്‍.

വിവരവും വിദ്യാഭാസവും ഇല്ലാത്ത അച്ഛനും അമ്മയും ഇട്ട ഒരു പേര് കമ്മാരന്‍. ഒരു പാട് തവണ ആലോചിച്ചിരുന്നു. കമ്മാരന്‍ എന്നുള്ളത് കുമാരന്‍ എന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

"കണ്ട്രി ഫെലോസ്..ഇടാന്‍ കണ്ട ഒരു പേര്"..കമ്മാരന്‍ ചേട്ടന് എപ്പോളും അത് ഒര്കുമ്പോള്‍ കലി വരും.

പത്താം ക്ലാസ്സ്‌ വരെ കമ്മാരന്‍ എന്നായിരുന്നു പേര്. പത്താം ക്ലാസ്സ്‌ പാസ്സായപ്പോള്‍ കമ്മാരന്‍ ചേട്ടന് ഒരു പൂതി.. ഇനിയിപ്പോ കോളേജില്‍ പോകേണ്ടതല്ലേ.. പേര് മാറ്റിയാലോ..ഒരു പാട് പേര് മനസ്സിലൂടെ കടന്നു പോയി. ഒടുവില്‍ രമേശന്‍ എന്ന പേരില്‍ ഉറച്ചു. അങ്ങിനെ ഗെസറ്റില്‍ പേര് കൊടുത്തു.

അന്ന് മുതല്‍ കമ്മാരന്‍ ചേട്ടന്‍ രമേശന്‍ എന്നായി.

കോളേജില്‍ രമേശന്‍ എന്നപേരില്‍ ചെത്തി നടക്കുമ്പോളാണ് ഒരു ലീവ് ദിവസംകോളേജിലെ കുറെ മാരണങ്ങള്‍ വീട്ടില്‍ വിരുന്നു വന്നത്. അവരുമായി കൊഞ്ചി കുഴഞ്ഞു നിക്കുമ്പോള്‍ അതാ അടുക്കളയില്‍ നിന്നും ഒരു വിളി...

"എടാ..കമ്മാരാ..നീ ആ പപ്പന്ടെ പീടിന്ന് ഇവരിക്ക് കൊടുക്കാന്‍ കൊറച്ചു മിച്ചറും അവിലും മേടിച്ചു വാ..." അമ്മയുടെ 'കമ്മാരാ' വിളി തീരെ പ്രതീക്ഷികാത്ത രമേശേട്ടന്‍ ആകെ ഇളിഭ്യനായി വിഷന്നനായി നിന്നു..

അന്ന് മുതല്‍ പാവം രമേശേട്ടന്‍ കമ്മാരന്‍ രമേശന്‍ ആയി.. അതോടെ കോളേജില്‍ പോക്കും നിര്‍ത്തി..

ഒരു പേര് വരുത്തിവെച്ച പേര് ദോഷം.

കുട്ടികാലം മുതലേ കമ്മാരന്‍ രമേശാട്ടനെ ഞങ്ങള്‍ക്ക് ഇഷ്ടം ആണ്. എന്നും എവിടെ കണ്ടാലും ഉപദേശവും പുകഴ്ത്തലും ആണ്.

അല്ലെങ്കിലും പുകഴ്ത്തല്‍ ഇഷ്ടമില്ലാത്ത ആരാണ് ഈ ഭൂമിയില്‍ ഉള്ളത്.

"മോനെ.. ഈ ഷര്‍ട്ട്‌ അടിപൊളിയാണല്ലോ. എവിടുന്ന കിട്ട്യേ.. നീ വെളുത്തത് കൊണ്ടു നിനക്ക് നന്നായി ചേരുന്നുണ്ട്..എനിക്ക് ചേരില്ല..ഞാന്‍ കറുപ്പല്ലേ.. "

"ഡാ.. നീ ഇനിയും വെളുക്കും.. ഞാന്‍ വെളുകില്ല.. എന്റെ കളര്‍ ഇത് തന്നെ ആണ്. ഇവന്‍ കുറച്ചു കൂടി നീളം വെക്കും.. ഞാന്‍ വെക്കില്ല..." കമ്മാരന്‍ രമേശാട്ടന് ഉള്ളിലെ അപകര്‍ഷതാബോധം വാക്കുകളിലൂടെ എന്നും പുറത്തെടുക്കും.

ഇങ്ങനെയൊക്കെ ആണെകിലും കമ്മാരന്‍ രമേശേട്ടന്‍ നല്ല ഒരു ഗായകന്‍ കൂടി ആണ്.. പുരുഷ ശബ്ദത്തേക്കാള്‍ നന്നായി സ്ത്രീ ശബ്ദത്തിലും പാടും.

ഒരിക്കല്‍ ഞങളുടെ ക്ലുബ്ബിണ്ടേ വാര്‍ഷികത്തിന് കമ്മാരന്‍ രമേശേട്ടന്‍ സ്ത്രീ ശബ്ദത്തില്‍ ഒരു ഗാനം ആലപിച്ചു..

"സിന്ദൂര സന്ധ്യേ.. പറയു.. പകലിനെ നീ കൈവേടിഞ്ഞോ.."... രമേശേട്ടന്‍ നന്നായി പാടികൊണ്ടിരിക്കുകയായിരുന്നു.

അപ്പോളാണ് ആരോ ഉച്ചത്തില്‍.."ഹേ കമ്മാരന്‍ രമേശാ.." എന്ന് വിളിച്ചത്..

അത് കേട്ട രമേശേട്ടന്‍ ആകെ വിഷന്നനായി.. സ്ത്രീ ശബ്ദം പെട്ടന്ന് പുരുഷ ശബ്ദം ആയി മാറി.. കാണികള്‍ കൂവി വിളിച്ചു..

അത് കഴിഞ്ഞു എന്റെ അടുത്ത് വന്നു പറഞ്ഞു..

"മോനെ.. ആകെ കൊളമായി.. ഓന്‍ ഒരിക്കലും കൊണം പിടിക്കില്ല.." കൂകി വിളിച്ച ആളെ രമേശേട്ടന്‍ പ്രാകി..

"രമേശേട്ടന്‍ എന്തിനാ പെണ്ണിന്ടെ സൌണ്ടില്‍ പാടിയത്.. അത് ആണിന്ടെ സൌടില്‍ തന്നെ പാടയിരുന്നില്ലേ.." ഞാന്‍ രമേശേട്ടനോട് ചോദിച്ചു..

"ശെടാ..അതു ശരിയാ. ഇനിയിപ്പോള്‍ എല്ലാരും കരുതില്ലേ എനക്ക് പെണ്ണിന്ടെ സൌണ്ട് ആണ് എന്ന്.." കമ്മാരന്‍ രമേശേട്ടന്‍ വിലപിച്ചു..

കമ്മാരന്‍ രമേശേട്ടന്ടെ കോമ്പ്ലക്സും ബോണ്‍വിറ്റയും അതോടു കൂടി പാട്ട് നിര്‍ത്തിച്ചു

ഒരു പേര് വരുത്തിവെച്ച പേര് ദോഷം..

കിട്ടനും കോരേട്ടനും പിന്നെ ഒരു കണക്കും

ഒരു പാട് നാളത്തെ പ്രയത്ന ഫലമായി യു പി സ്കൂള്‍ കടന്നു കിട്ടിയ സന്തോഷത്തിലായിരുന്നു കിട്ടന്‍.

അല്ലെങ്കിലും എത്ര കാലമായി എല്‍ പിയും യു പിയും കടന്നു കിട്ടന്‍ ശ്രമികുന്നത്. ഒരു പാട് പഠിക്കാന്‍ ഉള്ളതിനാല്‍ പതുക്കെ എല്ലാം പഠിച്ചിട്ടാകാം എന്ന് കരുതിയാണ് ഇത്രയും സമയം എടുത്തത്‌. അതൊന്നും യു പി സ്കൂളിലെ ടീച്ചര്‍മാര്‍ക്ക് അറിയില്ല..

സ്കൂളില്‍ ഇനി ഇരുത്തുന്നത്‌ ശരിയല്ല എന്ന് തോന്നിയിട്ടാണോ എന്നറിയില്ല, ഒടുവില്‍ കിട്ടന്‍ ഏഴു കഴിഞ്ഞു എട്ടിലേക്ക് കടന്നു..ഒത്തിരി സ്വപ്നങ്ങളുമായാണ് പുതിയങ്ങാടി ഹൈസ്കൂളില്‍ ചേരാന്‍ പോയത്..

ടി സി വാങ്ങി സ്കൂളില്‍ ചേരാന്‍ പോയപ്പോള്‍ അതാ നാരായണന്‍ മാഷ്‌ അവിടെ...

"നീ ആരാ. എന്താ ഇവിടെ.. " നാരായണന്‍ മാഷിന്ടെ മുഴക്കമുള്ള ശബ്ദം കിട്ടനില്‍ ഒരു വിറയല്‍ ഉളവാക്കി..

കിട്ടനെ പറഞ്ഞിട്ട് കാര്യം ഇല്ല ആ രൂപം കണ്ടാല്‍ ആരും പേടിച്ചു പോകും. തടിച്ചു ഉയരം കൂടിയ ശരീരവും ചുവന്നു കലങ്ങിയ വലിയ കണ്ണുകളും അതിനൊത്ത ശബ്ദവും..

"ഞാന്‍ ഈ ഇസ്കൂളില്‍ ചേരാന്‍ വന്നതാ..." വിറയല്‍ കാരണം ശബ്ദം പുറത്ത് വന്നില്ല...

നാരായണന്‍ മാഷ്‌ ഹും.. ഒന്ന് മൂളി..

"പണ്ടാരം... ഇയാളുടെ ക്ലാസ്സിലൊന്നും ആകല്ലേ.. എന്റെ ചെടയാര്‍ക്കില്‍ പോതി..." കിട്ടന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു..

എന്തോ ചെടയര്‍ക്കിലെ പോതി (ഭഗവതി) കിട്ടന്ടെ പ്രാര്‍ത്ഥന കേള്കാത്തത് കൊണ്ടാണോ എന്നറിയില്ല, കിട്ടന്‍ നാരായണന്‍ മാഷിന്ടെ ക്ലാസ്സില്‍ തന്നെ കുടുങ്ങി പോയി..

സ്കൂളില്‍ രസതന്ത്രം ആണ് നാരായണന്‍ മാഷിന്ടെ വിഷയം. ക്ലാസ്സില്‍ സൂചി വീണാല്‍ പോലും കേള്‍ക്കും.. പേടി കാരണം കുട്ടികള്‍ ശ്രദ്ധിച്ചിരിക്കും...

ക്ലാസ്സില്‍ ഒരു ഭാഗത്ത്‌ പെണ്‍ കുട്ടികളും , മറുഭാഗത്ത്‌ ആണ്‍ കുട്ടികളും ആണ്. ക്ലാസ്സില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ എന്നതിനാല്‍ പിറകിലാണ് കിട്ടന്ടെ ഇരിപ്പിടം.

അങ്ങിനെ ഒരു ദിവസം മാഷ്‌ ക്ലാസ്സ്‌ എടുതോണ്ടിരികുകയായിരുന്നു.. കിട്ടന്ടെ അടുത്തുഎത്തിയ മാഷ്‌ അവനോടു ഒരു ചോദ്യം ചോദിച്ചു..

"ജലതിന്ടെ രാസനാമം എന്താടാ..." കിട്ടന്‍ പേടിച്ചു വിറച്ചു എഴുന്നേറ്റു നിന്നു...

പെട്ടന്ന് നാരായണന്‍ മാഷിനെ അട്ടഹാസം ക്ലാസ്സ്‌ റൂമില്‍ മുഴങ്ങി.. ആര്‍ക്കും ഒന്നും പിടികിട്ടിയില്ല.. എന്താ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ എല്ലവരിലും നിഴലിച്ചു.. പിറകിലെ ബെഞ്ചില്‍ ഉള്ളവര്‍ക്കൊഴികെ..

എത്ര ശ്രമിച്ചിട്ടും നാരായണന്‍ മാഷിനു ക്ലാസ്സ്‌ തുടരാന്‍ കഴിഞ്ഞില്ല.. ഇന്നേവരെ ചിരിച്ചു കണ്ടിട്ടില്ലാത്ത നാരായണന്‍ മാഷ്‌ ചിരി അടക്കാന്‍ പാട് പെടുന്നത് കണ്ടു.. അത് കണ്ടു എല്ലാവരും അല്പം ഭീതിയോടെ തന്നെ ഉള്ളില്‍ ചിരിച്ചു.

ഒടുവില്‍ മാഷ്‌ ക്ലാസ്സ്‌ തുടരാനാകാതെ നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി.. അവിടെയിരുന്നും മാഷ്‌ ഉറക്കെ ചിരിച്ചു..

മാഷ്‌ ക്ലാസ്സില്‍ നിന്നും പോയ ഉടന്‍ എല്ലാവരും പിറകു ബെഞ്ചിലേക്ക് നോക്കി..

"എന്താടാ സംഭവം...മാഷ്‌ എന്തിനാ ചിരിച്ചേ...." കൂട്ടത്തില്‍ ആരോ ചോദിച്ചു...

"എടാ..ജലതിന്ടെ രാസനാമം ചോദിച്ചതിനു .. കിട്ടന്‍ ഒരു രാസായുധം പൊട്ടിച്ചു.. അത് അല്പം ഉച്ചത്തില്‍ ആയി പോയി.. " അത് പറഞ്ഞതും ക്ലാസ്സില്‍ കൂട്ടച്ചിരിയായി....

പാവം കിട്ടന്‍ വിഷണ്ണനായി ഇളിഭ്യനായി നിന്നു.. രാവിലെ ഉരുളകിഴങ്ങ് ബാജി കഴിച്ചതിണ്ടേ ബുദ്ധിമുട്ട് കിട്ടന് മാത്രമല്ലെ അറിയൂ.. പോരാത്തതിനു നാരായണന്‍ മാഷിനെ ഒടുക്കത്തെ ഒരു നോട്ടവും.. ആരായാലും വിട്ടു പോകും...

"ഹോ.. ഇനി എങ്ങിനെ പെണ്‍പിള്ളേരുടെ മുഖത്ത് നോക്കും..." ഇനി ഇവിടെ വയ്യാ.. സ്കൂള്‍ മാറുകയെ നിവൃത്തിയുള്ളൂ..

ഒടുവില്‍ അവിടുന്നും ടി സി വാങ്ങി നേരെ എരിപുരം ബോയ്സ് ഹൈസ്കൂളില്‍ പോയി..വലിയ കുഴപ്പം ഇല്ല.. ഇടയ്ക്കിടെ സമരം.. അതോണ്ട് ക്ലാസ്സില്‍ ഇരിപ്പ് കുറഞ്ഞു...

ഒടുവില്‍ പരീക്ഷ കഴിഞ്ഞു.... കണക്കില്‍ തീരെ മാര്‍ക്കില്ല...

മധു മാഷാണ് കണക്കന്‍ മാഷ്‌... ഒന്ന് പറഞ്ഞാല്‍ രണ്ടാമതെത് അടി ആണ്..

ഉത്തര കടലാസ് തരുമ്പോള്‍ ഒറ്റ കാര്യം മാത്രം പറഞ്ഞു..

"നാളെ സ്കൂളിലേക്ക് നിന്നെ ഉണ്ടാക്കിയ ആളേയും കൂട്ടി വന്നാല്‍ മതി..."

അതാ വീണ്ടും ഒരു പുകില്...വീട്ടില്‍ പറഞ്ഞാല്‍ അതിനും കിട്ടും അടി...

ഒടുവില്‍ കോരേട്ടനോട് തന്നെ പറഞ്ഞു...തല്കാലും പ്രൊട്യുസര്‍ ആകാന്‍ കോരേട്ടന്‍ തന്നെ പറ്റിയ ആള്‍.. കുറെ പേരെ ഈ ഒരു കാര്യത്തില്‍ കോരേട്ടന്‍ സഹായിച്ചിട്ടുണ്ട്.

കോരേട്ടനുമായി സ്റ്റാഫ്‌ റൂമില്‍ ചെന്നു...

മധു മാഷിന്ടെ മുന്നില്‍ വെച്ചു കോരേട്ടന്‍ കിട്ടനെ ഒരു അലക്ക് അലക്കി...

"എന്തേ..നായിന്ടെ മോനെ..നിന്നെയൊക്കെ പഠിപ്പിക്കാന്‍ കഷ്ടപെടുന്ന എന്നേ വേണം തല്ലാന്‍...." കോരെട്ടണ്ടേ സംസാരം കേട്ടപ്പോള്‍ കിട്ടന് ചൊറിഞ്ഞു വന്നു..

"സാരില്ല.. തല്കാലം രക്ഷപെടാന്‍ വേറെ മാര്‍ഗം ഇല്ല...." കിട്ടന്‍ സഹിച്ചു...എന്തായാലും കോരേട്ടന്‍ കള്ള് ചെത്താന്‍ പോകുമ്പോള്‍ ആരും കാണാതെ ഒരു ഏറു കൊടുക്കാം... ..

"ഏഴും എട്ടും ഗുണിച്ചാല്‍ എത്രയാ..." മധു മാഷിന്ടെ ചോദ്യം തീരെ പ്രതീക്ഷിച്ചില്ല..

എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല..

അപ്പോഴാണ്‌ കോരേട്ടന്‍ കിട്ടന്ടെ തലയ്ക്കു ഒരു കിഴുക്കു കൊടുത്തത്. വേദനിച്ചെങ്കിലും മിണ്ടാതിരുന്നു...

"പറഞ്ഞു കൊടുക്കെടാ നാല്പത്തി ഏഴു എന്ന്..." കോരേട്ടന്‍ അല്പം ഗൌരവത്തിലാണ് പറഞ്ഞത്..

അത് കേട്ട് മധു മാഷ്‌ ചോദിച്ചു..

"ആരാ ഇത്..നിന്ടെ അച്ഛനോ.. അച്ഛന്‍ ഒന്ന് പുറത്ത് പോയെ..."

കോരേട്ടന്‍ പുറത്ത് കടന്നതും, കിട്ടന്ടെ പുറത്ത് എണ്ണം പറഞ്ഞു കിട്ടിയതും ഒന്നിച്ചായിരുന്നു..

അതുവരെ പഠിച്ചിട്ടില്ലാത്ത കണക്കു കിട്ടന്‍ ഓരോ അടിയിലും മനപാഠം പഠിച്ചു..

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ഊവിപാട്ട് ഉണ്ണി

"പപ്പാ ഇത് ഏത് കൈപക്കയാ.." ഊവിപാട്ട് ഉണ്ണി ചോദിച്ചു..

"നാടനാ..ഉണ്ണി.." തിരക്കിനിടയില്‍ പപ്പെട്ടണ്ടേ മറുപടി..

"ഓ.. നാടന്‍ പാട്ടിലെ മൈന.." ഊവിപാട്ട് ഉണ്ണിപാട്ട് തുടങ്ങി..

ഊവിപാട്ട് ഉണ്ണി നാട്ടിലെ അറിയപ്പെടുന്ന തുന്നല്‍ പണികാരന്‍ ആണ്‌.. തുന്നല്‍ പണിക്കിടയില് ‍ഊവിപാട്ട് നിര്‍ഭന്ദമാണു.. ഇല്ലെങ്കില് ‍പണിയുടെ കാര്യം പൊക്കാണു..

ഞങ്ങളുടെ നാട്ടില്‍ ചൂളം വിളികുന്നതിനെ ഊവി എന്ന പറയുക...

എന്തായാലും ഞങ്ങളുടെ നാട്ടില്‍ ഊവിപാട്ടില്‍ ബിരുദധാരിയാണ്ഉണ്ണി..എന്നും ചുണ്ടില്‍ ഊവി പാട്ട് ഉണ്ടാകും.. ഏത് പാതി രാത്രിയിലും.. ആ സ്വരമാധുരി മാത്രം മതി ആളെ മനസ്സിലാകാന്‍..

മീന്‍കാരന്‍ അബ്ദുല്‍ റഹ്മാന്‍എന്ന അന്ദ്രുമാനെ കാണുമ്പോള്‍ ഊവിപാട്ട്ഉണ്ണിപാടും..

"മാലിനിനദിയില്...‍കണ്ണാടി നോക്കും..മാനെ..അന്ദ്രുമാനെ.. " അത്രമാത്രം സംഗീതപ്രേമി ആണ് ഉണ്ണി.

ഉണ്ണിയുടെ ഊവി പാട്ടിനെ പ്രേമിക്കുന്ന ഒരു ചേച്ചി ഉണ്ട് നാട്ടില്‍... സരസു. എന്നുംആ ഊവിപാട്ടിനു വേണ്ടി കൊതോര്തിരിക്കും സരസു.

ആ കാതോര്‍ക്കല്‍ ഒടുവില്‍ പാട്ടിനേകാള്‍ ഉണ്ണിയോടായി. എന്ത് ചെയ്യാം. കല്യാണം കഴിച്ചില്ലെങ്കിലും ഒരു കുട്ടിയുണ്ട്സരസുവിന്. അത് എങ്ങിനെയാണെന്ന് ചോദിച്ചാല്‍ഈശ്വരനും സരസുവിനുംമാത്രം അറിയാം.പലരും പലതും പറയുന്നുണ്ടെങ്കിലും അതൊന്നും ഒരു വിഷയം അല്ലസരസുവിന്. ആരെങ്കിലും നേരിട്ട് പറഞ്ഞാല്‍സരസുവിന്ടെവായ്താരിയുടെ സ്വരമാധുരിഅറിയേണ്ടി വരും. അത് കൊണ്ടുപരസ്യമായിപറയാന്‍ എല്ലാവര്ക്കും മടിയാണ്..

എങ്കിലും ഒരു കാര്യം ഉറപ്പാണ്‌.. നല്ല ഒരു സംഗീത പ്രേമി ആണ് സരസു, അത് കൊണ്ടാണല്ലോഊവിപാട്ട് ഉണ്ണിയെ അത്രയ്ക്ക്ഇഷ്ടം..എപ്പളും ഇവിടെയും സരവിണ്ടേ മിഴികള്‍ ഉണ്ണിയെ പരതുന്നുണ്ടാകും. ഉണ്ണിയെ പറ്റി പറയാന്‍ തുടങ്ങിയാല്‍ സരസുവിന്ടെ മിഴികളില്‍ ഒരു തിളക്കം ഉണ്ടാകും..

അത് കണ്ടു പിടിച്ച ആരോ പറഞ്ഞു പരത്തി, സരസുവും ഉണ്ണിയും പ്രേമത്തിലാണെന്നു.. അപ്പോളാണ് ഉണ്ണിക്കു തന്നിലെ കലാകാരനെ തിരിച്ചറിയാന്‍ കഴിഞ്ഞത്.. സരസുവിന്ടെ ആകാര വടിവില്‍ ആക്രുഷ്ടനാനെകിലും ഒരു പ്രേമത്തിലൊന്നും താല്പര്യമില്ല ഉണ്ണിക്കു. വേണമെങ്കില്‍ രണ്ട് മൂന്നു ഊവിപാട്ട് പാടി കൊടുക്കാം, അല്ലാതെ പ്രേമിക്കാന്‍ വയ്യാ...

അങ്ങിനെ പാടി പാടി വീട്ടില്‍ ചെന്നു പാടാന്‍ തുടങ്ങി നമ്മുടെ ഊവിപാട്ട് ഉണ്ണി.

രാത്രിയിലെ സരസുവിന്ടെ അടുത്തുള്ള പോക്ക് പലര്‍ക്കും അസൂയ ഉണ്ടാക്കി.. പലരും ആഗ്രഹിക്കുന്നതാണ് സരസുവിന്ടെ അടുത്തു പാടാന്‍. എന്ത് ചെയ്യാം, ശ്രുതിയും സംഗതിയും ശരി അല്ലെങ്കില്‍ സരസുവിന്ടെ വായില്‍ ഉള്ളത് കേള്‍കേണ്ടി വരും.. അത് കൊണ്ടു ഉള്ളിലുള്ള മോഹങ്ങള്‍ എല്ലാം അടക്കിവെച്ചിരിക്കുകയായിരുന്നു അവര്‍..

എങ്കിലും ചിലര്‍ നന്നായി പാടുന്നുണ്ടായിരുന്നു.. അതിനിടയില്‍ ആണ് ഊവിപാട്ട് ഉണ്ണിയുടെ രംഗപ്രവേശം.. അതോടു കൂടി അവരൊക്കെഎലിമിനേഷന്‍റൌണ്ടില്‍പുറത്തായി.. ഊവി പാട്ട് ഉണ്ണി മാത്രം ഫൈനല്‍ റൌണ്ടില്‍ എത്തി.. സ്വാഭാവികം, അസൂയ വന്നില്ലെന്കിലെ സംശയം ഉള്ളു..

എന്തായാലും ഒടുവില്‍ എലിമിനറെ ചെയ്തവരും, ശ്രുതിയും സംഗതിയും ഇല്ലാത്തവരും ഒന്നിച്ചു.. എങ്ങിനെയെങ്കിലും ഊവിപാട്ട് ഉണ്ണിയെ പുറത്താക്കണം.. ഒന്ന് രണ്ട് ആഴ്ച അവര്‍ ഉണ്ണിയെ കാത്ത് സരസുവിന്ടെ വീടിനു പരിസരത്ത് കാവല്‍ കിടന്നു..

അത് അറിഞ്ഞ ഉണ്ണി ആ ഭാഗം പോകാതായി..

സരസുവിനെ സങ്കടം സഹിക്കാന്‍ വയ്യാ.. എന്ത് ചെയ്യാം കാലന്മാര്‍ വീടിനു ചുറ്റും കാവല്‍ അല്ലേ.. അങ്ങിനെ ആഴകള്‍ കടന്നു പോയി.. വിരഹ ദുഖത്താല്‍ഉണ്ണി ഊവിപാട്ട് പാടി നേരം കൂടി.ഉണ്ണി അങ്ങിനെയാ...സങ്ങടം വന്നാലും സന്തോഷംവന്നാലും ആ ചുണ്ടില്‍ ഊവിപാട്ട് പാടും..

പാവം സരസു,ഊവിപാട്ട് ഉണ്ണിയുടെ ശ്രുതിയും സംഗതിയും കിട്ടാതെ നീറി നീറി കഴിഞ്ഞു.

അതിനിടെനാട്ടില്‍ഉത്സവകാലം ആയി..

സരസു ഉണ്ണിയോട് പറഞ്ഞു"നീ പാതി രാത്രി ഇത് വഴി വാ.. ആരും ഉണ്ടാവില്ല.. എല്ലാരും അമ്പലത്തില്‍ പോകും.. ഞാന്‍ കാത്തിരിക്കാം.."

ഉണ്ണി സന്തോഷംകൊണ്ടു ഊവിപാട്ട് പാടി.."കരളേ..കരളിണ്ടേ കരളേ..."

അമ്പലത്തില്‍ നിന്നും ഉണ്ണിനേരെ പോയത് സരസുവിന്ടെ വീട്ടിലേക്കു.. സമയം രാത്രിരണ്ട് മണി..

സരസുവിന്ടെ വീട്ടിണ്ടേ മുറ്റത്ത്‌എത്തിയതും എലിമിനഷന്‍ ആയ മത്സരാര്തികള്‍ പ്രത്യക്ഷപെട്ടതും ഒന്നിച്ചായിരുന്നു..

"എന്താ ഉണ്ണി ഇവിടെ..." എല്ലാവരും ഒന്നിച്ചു ചോദിച്ചു..

ഒന്ന് പരുങ്ങിയെങ്കിലും ഉണ്ണി പറഞ്ഞു..

"അതാ ഞാനും വിചാരിക്കുന്നത്.. ഞാന്‍ എന്താ ഇവിടെ......." ഉണ്ണിയുടെ ഉത്തരത്തില്‍

അവര്‍വീണ്ടുംഎലിമിനെറ്റ് ആയി..

ഇതൊന്നും അറിയാതെ പാവം സരസു ഊവി പാട്ട് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു...

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

സുശീലന്ടെ വിമാന ദുരന്തം

പേര് സുശീലന്‍ എന്നാണെങ്കിലും മദ്യം അകത്തു ചെന്നാല്‍ ദുശീലന്‍ എന്ന് വിളിക്കുന്നതാകും നല്ലത്. അത് പിന്നെ സുശീലനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ആരായാലും അങ്ങിനെയാ. ചിലര്‍ക്ക് കരച്ചില്‍ വരും, മറ്റു ചിലര്‍ക്ക് ദേഷ്യം ആകാം. പിന്നെ പാട്ടുകള്‍.. അത് നല്ലതില്‍ തുടങ്ങി ഭരണി നിലവാരത്തില്‍ വരെ എത്തും. അതിനും ഒരു സുഖം ഉണ്ട്..

അതൊന്നും കുടിക്കതവരോട് പറഞ്ഞിട്ട് കാര്യവും ഇല്ല.

കുടിച്ചാലുള്ള സുഖം കുടിച്ചു തന്നെ അറിയണം.. ചുമ്മാതെ ഇരിക്കണം എങ്കില്‍ മോര് വെള്ളം കുടിച്ചാല്‍ പോരെ.. ഇതൊക്കെ ആണ് സുശീലന്‍ തിയറി..

മദ്യപാനതിന്ടെ ആദ്യ ഗുരു സ്വന്തം അച്ഛന്‍ തന്നെ ആയിരുന്നു.. അച്ഛന് വേണ്ടി കള്ള് ഷാപ്പില്‍ എല്ലാ വൈകുന്നേരങ്ങളിലും പോകും. തിരിച്ചു വരുമ്പോള്‍ പകുതി കുടിച്ചു പകുതി വെള്ളം ചേര്‍ത്ത് ആണ് അച്ഛന് കൊടുക്കാറ്.. അച്ഛനാണെങ്കില്‍ എത്ര കുടിച്ചാലും പൂസ് ആകില്ല.. വെറും വെള്ളമാണ് കുടികുന്നത് എന്ന് പാവം അച്ഛന്‍ അറിയില്ല.. കുടിച്ചു കഴിഞ്ഞാല്‍ അച്ഛന്‍ ഷാപ്പുകാരെ തെറി പറയും.

കള്ളില്‍ ഒരു സുഖവും കിട്ടാത്ത അച്ഛന്‍ ചാരായത്തില്‍ പിടിച്ചു.. അങ്ങിനെ സുശീലന് ചാരായം കുടിക്കാനും അവസരം ഒത്തു വന്നു.

അച്ഛന് ചാരായം കുടിച്ചാലും പൂസാവാതായി.. എങ്കിലും സുശീലന്‍ നല്ലൊരു കുടിയനും ആയി മാറി.

ഒരു കല്യാണ രാത്രി കൂട്ടുകാരുമൊന്നിച്ചു പൂസായ സുശീലന്‍ വീടാണെന്നു കരുതി മുട്ടിയത്‌ അപ്പുറത്തെ വീട്ടിലെ കക്കൂസിണ്ടേ വാതിലില്‍..

അപ്പോള്‍ കക്കൂസില്‍ വയറിളക്കം പിടിച്ചു തപസ്സു ചെയ്യുന്ന രാമേട്ടന്‍ സുശീലണ്ടേ 'അമ്മേ..വാതില്‍ തുറക്ക്.." എന്ന വിളി സഹിക്കാന്‍ വയ്യാതെ സുശീലണ്ടേ വീട്ടില്‍ തന്നെ കൊണ്ടാക്കി..

വാതില്‍ തുറന്നത് സുശീലണ്ടേ അച്ഛന്‍..

"ആരാട അത്.." എന്ന് ചോതിച്ച അച്ഛനോട്.."ഞാനെട അച്ഛാ"എന്ന് പറഞ്ഞു അച്ഛന്ടെ ദേഹത്ത് വാളും പരിചയും വെച്ച ചരിത്രവും സുശീലന് ഉണ്ട്.

സുശീലനെ കുറിച്ച് പറഞ്ഞാല്‍ തീരില്ല..

സുശീലന്‍ ദുശീലന്‍ ആകുന്നതു കാണേണ്ട എന്ന് കരുതി അച്ഛന്‍ അവനെ ഉള്ള പൊന്നും സ്ഥലവും വിറ്റു ഗള്‍ഫില്‍ അയച്ചു..

ഒരു പാട് സ്വപ്നവുമായി ഈ മരുഭുമിയില്‍ എത്തിയിട്ട് കുറെ വര്ഷം കഴിഞ്ഞു.. ഒരു നല്ല നിലയില്‍ എത്തിയിട്ട് നാട്ടില്‍ പോകാം എന്ന് കരുതി.. വെറും സ്കൂള്‍ വിദ്യാഭ്യാസം മാത്രം ഉള്ള ആള്‍ക്ക് നല്ല നിലയില്‍ എത്താന്‍ പ്രയാസം തന്നെ.. മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഓരോരോ നിയമം. ഇതൊക്കെ കണ്ടു പിടിച്ചവരെ വെടിവെച്ചു കൊല്ലണം.

എന്തായാലും തോറ്റു കൊടുക്കാന്‍ സുശീലന്‍ തയ്യാറല്ല. വെറും ഒരു നിര്‍മാണ തൊഴിലാളി ആയ സുശീലന്‍ ഒടുവില്‍ ഒരു ഫോര്‍മാന്‍ ആയി വിലസാന്‍ തുടങ്ങി..

ഒടുവില്‍ നാട്ടിലേക്കുള്ള അവധി ആയി.. മനസ്സില്‍ ഒരു പാട് സ്വപ്‌നങ്ങള്‍ ഉണ്ട് നമ്മുടെ സുശീലന്.. കല്യാണം കഴിക്കണം.. പിന്നെ അടിച്ചു പൊളിക്കണം..

ഇന്ത്യന്‍ എയര്‍ ലൈന്‍സ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.. ദുബായില്‍ നിന്നും മംഗലാപുരം അവിടെ നിന്നും തിരുവന്തപുരം. ആദ്യത്തെ പോക്കാണ്.. അതുകൊണ്ട് തന്നെ വലിയ ഒരു പെട്ടി തന്നെ കൊണ്ടു പോണം. കയ്യില്‍ അത്രയേ കാശ് ഉള്ളു.. അതോണ്ട് തന്നെ എല്ലാവരോടും പറഞ്ഞു വീട്ടിലേക്കു കൊടുക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നോളു ഞാന്‍ കൊടുത്തോളാം എന്ന്..

ഒടുവില്‍ വിചാരിച്ചതിനെക്കാള്‍ വലിയ ഒരു ലെഗേജു തന്നെ ആയി.. സാരില്ല നാട്ടില്‍ എത്തിയാല്‍ ഒരു വെയിറ്റ് തന്നെ.

യാത്ര തുടങ്ങി.. വിമാനത്തില്‍ മദ്യ സേവ ഉള്ളതു കൊണ്ടു മാത്രം ആണ് ഇന്ത്യന്‍ എയര്‍ ലൈന്‍സ് ടിക്കറ്റ്‌ എടുത്തത്‌.. ഒന്നുമില്ലെങ്കിലും ആകാശത്ത് വെച്ചും അടിക്കാലോ.. അത്രയേ വിചാരിച്ചുള്ളൂ. വിമാനത്തില്‍ മദ്യ സേവ തുടങ്ങി.. വെറുതെ കിട്ടുന്നതല്ലേ.. എന്തിനാ കുറക്കുന്നത് എന്നും സുശീലന്‍ മനസ്സില്‍ വിചാരിച്ചു..

ഒരു ഒന്നൊന്നര അടി തന്നെ തുടങ്ങി നമ്മുടെ സുശീലന്‍.. മംഗലാപുരം എത്തിയത് അറിഞ്ഞില്ല പുള്ളി.. നല്ല ഫോമില്‍ ആയിരുന്നു ടിയാന്‍..

ആരോ പറയുന്നത് കേട്ടു തിരുവനന്തപുറത്തേക്കു പുറപ്പെടാന്‍ കുറച്ചു വൈകും എന്ന്.. ആള്‍ക്കാര്‍ ബഹളം വെക്കുന്നത് കേട്ടു സുശീലനിലെ ദുശീലന്‍ ഉണര്‍ന്നു.. പോരാത്തതിനു നല്ല ഫോമിലും.. ഞാന്‍ ആരാ മോന്‍.. വിട്ടുകൊടുക്കാന്‍ പറ്റുമോ..

"എനിക്ക് ഇപ്പോള്‍ തിരുവന്തപുരത്തേക്ക് പോണം.. " സുശീലനിലെ മദ്യം അങ്ങിനെ പറയിപ്പിച്ചു.. ആര് പറഞ്ഞിട്ടും സുശീലന്‍ അടങ്ങുന്നില്ല.

ഒടുവില്‍ പ്രശ്നം ഗുരുതരം ആയി.. സുശീലണ്ടേ ശല്യം സഹിക്കാതെയായപ്പോള്‍ ഒരു മംഗലാപുരം പോലീസ്കാരന്‍

"നീ ഇപ്പോള്‍ തന്നെ പൊയ്ക്കോ.." എന്ന് പറഞ്ഞു ഒരു ടാക്സി വിളിച്ചു സുശീലനെ അതില്‍ ഇരുത്തി.. പോലീസ് കാരന്‍ ടാക്സി ഡ്രൈവറോട് പറഞ്ഞു വഴിയില്‍ ഇവിടെയും നിര്‍ത്തി പോകരുത്..

ബോധം തിരിച്ചു കിട്ടിയപ്പോള്‍ സുശീലന്‍ മംഗലാപുരം കഴിഞ്ഞിരുന്നു.. ടാക്സികാരന്ടെ മൊബൈലില്‍ നിന്നു വീട്ടിലേക്കു വിളിച്ചു പറഞ്ഞു റോഡു വഴി വരികയാണ് എന്ന്.. വീട്ടുകാര്‍ക്ക് എത്തും പിടിയും കിട്ടിയില്ല.. കൂടുതല്‍ പറയാന്‍ സുശീലണ്ടേ മനസ്സും അനുവദിച്ചില്ല..

അതിനിടയില്‍ സാധനങ്ങള്‍ കൊടുത്തയച്ചവര്‍ സുശീലനെ വിളിച്ചു പറഞ്ഞു...

"സുശീല ഏതായാലും കേരളം മുഴുവന്‍ കറങ്ങി വരുന്നതല്ലേ..പോകുന്ന വഴിയില്‍ സാധനങ്ങള്‍ വീട്ടുകാര്‍ വാങ്ങിച്ചോളും.. ഇനി അതിനു വേണ്ടി സമയം കളയേണ്ട"... സുശീലന് അത് ഒരു അനുഗ്രഹം ആയി..

വീട്ടുകാര്‍ വിളിച്ചു വിളിച്ചു മൊബൈല്‍ ചാര്‍ജ് തീര്‍ന്നു... വീട്ടില്‍ ആകെ പ്രശ്നം ആയി.. നാട്ടുകാരും ബന്ധുക്കളും കൂടി.. സുശീലന്ടെ ഒരു വിവരവും ഇല്ല.. അമ്മയും മറ്റും തലതല്ലി കരഞ്ഞു.. "എന്റെ മോന് എന്ത് പറ്റി.."

പിറ്റേന്ന് രാവിലെ സുശീലന്‍ വീട്ടില്‍ എത്തി.. വീട്ടിനു ചുറ്റും നാട്ടുകാരും ബന്ധുക്കളും ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്നു..

ഒന്നും പറയാന്‍ സുശീലന്ടെ നാവു പൊങ്ങിയില്ല. ടാക്സി കാരനോട് എത്രയെന്നു ചോദിച്ചു.. 16,000 രൂപ.. അപ്പോളേക്കും സുശീലന്ടെ ബോധം പോയിരുന്നു..

ഗുണപാഠം... കുടിച്ചാലുള്ള സുഖം കുടിച്ചു തന്നെ അറിയണം..

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

കിട്ടന് പറ്റിയ അമളി

ഇന്നലത്തെ ഹാങ്ങ്‌ ഓവര്‍ കാരണം കിട്ടന്‍ ഒരു പാട് വൈകിയാണ് എഴുന്നേറ്റത്.

ഒരു പാട് നാളത്തെ ആഗ്രഹം ആയിരുന്നു ഒരു ബിയര്‍ കഴിക്കുക എന്നത്. ആരോ പറഞ്ഞറിഞ്ഞു ബിയര്‍ കഴിച്ചാല്‍ നല്ലോണം വെളുത് തുടിക്കും എന്ന്. എന്തായാലും കഴിച്ചു തന്നെ കാര്യം.

സംഗതി രാജീവനോടും, സദനോടും, ഖലീലിനോടും പറഞ്ഞപ്പോള്‍ അവര്‍ ഇന്നലെയെ റെഡി ആയി.

എല്ലാവരും സ്വരുക്കൂട്ടി വെച്ച പൈസയുമായി താവാതെ ബിവരേജിണ്ടേ മുന്നില്‍ നീണ്ട നിരയില്‍ നിന്നും ഒരു ബിയര്‍ വാങ്ങി ഒളിച്ചുവെച്ചു. എന്തോ അന്ന് വല്ലാത്ത ഒരു വിറയലോ മറ്റോ എല്ലാവരിലും നിഴലിച്ചു.

ആദ്യത്തെ അനുഭവം ആണ്.

കൂട്ടത്തില്‍ ആരോ പറഞ്ഞു സോഡാ ചെര്തെ ബിയര്‍ അടികാവു.. ഇല്ലെങ്കില്‍ കൂമ്പ് വാടി പോകും. ഒരു കുപ്പി ബീരിണ്ടേ കൂടെ നാല് സോഡയും വാങ്ങി നേരെ വിട്ടു ചെമ്പല്ലികുണ്ട് പുഴയുടെ അടുത്തേക്ക്. പുഴയുടെ അരികിലുള്ള മൂലയിലെ പറമ്പില്‍ ഇരുന്നു അടിതുടങ്ങി. ഒരു ഗ്ലാസ്‌ മാത്രമേ ഉള്ളു. ആദ്യം അല്പം ബിയര്‍ ഒഴിച്ച് പിന്നെ സോഡയും കൂട്ടി ഒറ്റ പിടി പിടിച്ചു.

"ഹോ... PVA... പോയ വഴി അറിയാം..." കിട്ടന്‍ എല്ലാവരോടും കൂടി പറഞ്ഞു..

പിന്നെ ഓരോ ആളുടെ ഊഴം ആയി. അങ്ങിനെ നാല് പേരും കൂടി ഒരു കുപ്പി ബിയര്‍ സോഡയും ഒഴിച്ച് കാലിയാക്കി..

പെട്ടന്ന് രാജീവന്‍ കരയാന്‍ തുടങ്ങി..

"എനിക്കിപ്പോ അമ്മയെ കാണണം"

എത്ര പറഞ്ഞിട്ടും അവന്‍ കരച്ചില്‍ നിര്‍ത്തിയില്ല.

ഒടുവില്‍ എല്ലാവരും കൂടി രാജീവനെ അവന്ടെ വീടിനടുതാക്കി അവരവരുടെ വീട്ടിലേക്കു പോയി..

പിന്നെ ഒന്നും ഓര്‍മയില്ല.. വീട്ടില്‍ എങ്ങിനെയോ എത്തി.

ഉമ്മറത്ത്‌ ഇരുന്നു തലേന്ന് രാത്രി നടന്ന കാര്യങ്ങള്‍ ഒര്തിരികുംബോഴാനു സ്കൂള്‍ കുട്ടികള്‍ ലോങ്ങ്‌ ജുംബിനു വേണ്ടി തയ്യാറായി നില്കുന്നത് കിട്ടാന്‍ കണ്ടത്. വയസു ഇരുപതു കഴിഞ്ഞെങ്കിലും കിട്ടനിലെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ സടകുടഞ്ഞു എഴുന്നേറ്റു..

കുട്ടികള്‍ നിര നിരയായി നിന്ന് ലോങ്ങ്‌ ജുംബ് പ്രാക്ടീസ് ചെയ്യുകയാണ്. സ്കൂള്‍ കായിക മേള തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമേ ഉള്ളു. സ്കൂള്‍ മൈതാനം വലുതായത് കൊണ്ട് ഒരു ഭാഗത്ത്‌ വോളിബോള്‍ കോര്‍ട്ടും ഉണ്ട് . അതിനു തൊട്ടടുത്താണ് ലോങ്ങ്‌ ജുംബിനുള്ള ഭാഗം ഒരുക്കിയത്..

കിട്ടന്ടെ വീട്ടില്‍ നിന്നും നോക്കിയാല്‍ എല്ലാം കാണാം.

കുറെ നേരം അവരെ തന്നെ നോക്കി നിന്ന കിട്ടന്‍ പിള്ളേരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതി, വീട്ടില്‍ നിന്നും നേരെ സ്കൂള്‍ മൈതാനത്തേക്ക് കുതിച്ചു..

കുട്ടികളെ മൈന്‍ഡ് ചെയ്യാതെ ഓടി വന്നു ജുംബ് ചെയ്തു..

നേരെ വീണത്‌ ലോങ്ങ്‌ ജുംബ് കോര്‍ട്ടും കഴിഞ്ഞു വോളിബോള്‍ കോര്‍ട്ടില്‍.

കാലൊടിഞ്ഞ കിട്ടന്ടെ 'അമ്മേ.." എന്ന നിലവിളി കേട്ടു നാട്ടുകാര്‍ കൂടി..

അതിനിടയില്‍ ആരോ ടാക്സി വിളിച്ചു . നാല് ഭാഗത്തും നിന്നും വന്നവര്‍ കാറില്‍ കയറി.. കിട്ടന് മാത്രം കയറാന്‍ സ്ഥലം ഉണ്ടായില്ല..

കിട്ടന്‍ ഇല്ലാതെ കാര്‍ നേരെ പോയത് എരിപുരം സര്‍ക്കാര് ‍ആശുപത്രിയില്‍. അവിടെ എതിയപോലാണ് കാറില്‍ ഉള്ളവര്‍ക്ക് കാര്യം പിടി കിട്ടിയത്..കിട്ടനെ കയറ്റാതെയാണ് കാര്‍ ആശുപത്രിയില്‍ എത്തിയത് എന്ന്. എല്ലാവരും പരസ്പരം നോക്കി..

അപ്പോഴേക്കും ഒരു ഓട്ടോ വന്നു അവിടെ നിന്നു.. കാലൊടിഞ്ഞ കിട്ടനെയും എടുത്തു രണ്ട് മൂന്നു പേര്‍ ആശുപത്രിക്കുള്ളിലേക്ക് കയറുമ്പോള്‍ കാറില്‍ വന്നവരെ നിര്‍വികാരനായി കിട്ടന്‍ നോക്കി..

2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

എന്റെ കിട്ടന്‍

കിട്ടന്‍.. എന്റെ ബാല്യകാല സഹപാഠി.. എന്റെ മാത്രമല്ല എന്റെ അനുജന്മാരുടെയും സുഹൃത്തുകളുടെയും.. അതാണ്‌ കിട്ടന്‍.. നമ്മളൊക്കെ ജയിക്കാന്‍ വേണ്ടി മാത്രം പഠിച്ചപ്പോള്‍, കിട്ടന്‍ പാഠപുസ്തകം മുഴുവന്‍ പഠിക്കാന്‍ ശ്രമിച്ചു.. അത് കൊണ്ടു തന്നെ ഒരു ക്ലാസ്സില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്ങിലും ഇരിക്കും. അതുകൊണ്ടെന്താ..ഞങ്ങളുടെ അനുജന്മാരുടെയൊക്കെ കൂടെ പഠിക്കാന്‍ കഴിഞ്ഞില്ലേ.. വേറെ ആര്ക്കെങ്ങിലും അങ്ങിനെ പറ്റുമോ.. അതാണ്‌ നമ്മുടെ കിട്ടന്‍..

കിട്ടണ്ടേ വീട് ക്ലാസ്സ്‌ റൂമില്‍ നിന്നും നോക്കിയാല്‍ കാണാം. സ്കൂളില്‍ പഠികുമ്പോള്‍ പോലും അമ്മിഞ്ഞ കുടി ശീലം വിട്ടിരുന്നില്ല അവന്‍.. എപ്പോളും തള്ള വിരല്‍ വായില്‍ ആയിരിക്കും.. ഇടവേളകളില്‍ അമ്മയുടെ അമ്മിഞ്ഞ പാല് കുടിക്കാന്‍ ക്ലാസ്സില്‍ നിന്നും ഓടി പോകും നമ്മുടെ കിട്ടന്‍..

വളരെ നിഷ്കളങ്കമായ മുഖം.. ചിരിക്കുമ്പോള്‍ കണ്ണ് കാണില്ല അവനു.. അത് അടഞ്ഞു പോകും.. അതുകൊണ്ട് തന്നെ അവന്ടെ കയ്യില്‍ നിന്നും എന്തും തട്ടിയെടുക്കാന്‍ പറ്റും, ചുമ്മാ ഒന്ന് ചിരിപ്പിച്ചാല്‍ മാത്രം മതി.. എന്റെ ഓര്മ ശരി ആണെങ്ങില്‍ അവന്‍ മൂന്നാം ക്ലാസ്സില്‍ എന്റെ കൂടെ ആയിരുന്നു. പിന്നെ പഠിക്കാന്‍ ഒത്തിരി ഉള്ളത് കൊണ്ടു അടുത്ത ക്ലാസ്സില്‍ അവന്‍ വന്നില്ല..

നമ്മുടെ കിട്ടാന് നൂറിലധികം ഇരട്ട പേരുണ്ട്.. കിട്ടന്‍ എന്ത് തൊട്ടാലും പേര് ആണ്..

ഒരിക്കല്‍ തേങ്ങ ഇടാന്‍ പോയപ്പോള്‍ കിട്ടനെ എല്ലാവരും തേങ്ങ കിട്ടന്‍ എന്ന് വിളിച്ചു.. അത് കഴിഞ്ഞു ചേരി കിട്ടന്‍, പാര കിട്ടന്‍, കൊപ്ര കിട്ടന്‍, ചിരട്ട കിട്ടന്‍..അങിനെ അങ്ങിനെ പേര് നീണ്ടു... അതിന്ടെ ഒരു ലിസ്റ്റ് കയ്യില്‍ ഉണ്ട്..

ഞങ്ങളുടെ നാടകത്തില്‍ കിട്ടനെ ഒന്ന് രണ്ടു തവണ അഭിനയിപ്പിച്ച്ചിടുണ്ട്.. കിട്ടനായി തന്നെ ഒരു കഥാപാത്രം.. അഭിനയം തുടങ്ങിയപ്പോള്‍ കിട്ടന്‍ സീരിയസ് ആയി.. നമുക്ക് വേണ്ടത് നമ്മുടെ കിട്ടനെ ആയിരുന്നു.. ഡയലോഗ് പറയുമ്പോള്‍ കിട്ടന്‍ സീരിയസ് ആകും.. ഒത്തിരി പണിപെട്ട് കിട്ടനായി മാറ്റാന്‍.. എന്തായാലും നാടകത്തില്‍ എല്ലാവര്ക്കും കിട്ടനെ ഇഷ്ടമായി.. നാട്ടില്‍ തന്നെ ആയതു കൊണ്ടു കിട്ടന്‍ സ്റ്റേജില്‍ വരുമ്പോള്‍ കാണികള്‍ ആര്‍ത്തു ചിരിക്കും."കിട്ടാ..."എന്ന് വിളിച്ചു...

നാടകതിണ്ടേ റിഹേര്‍സല്‍ കിട്ടന്ടെ വീടിനടുത്തുള്ള നമ്മുടെ എല്‍ പി സ്കൂളില്‍ വെച്ചാണ് നടത്താറ്.. എല്ലാവരും ജോലിക്കരായത് കൊണ്ടു രാത്രി വൈകിയേ റിഹേര്‍സല്‍ തുടങ്ങാന്‍ പറ്റു.. അപ്പോളേക്കും കിട്ടന്‍ ഉറക്കമാകും.. കിട്ടന്ടെ അമ്മ ഒരു പാവം നാരായണി ചേച്ചി ആണ്.. നമ്മള്‍ കിട്ടനെ വിളിക്കാന്‍ പോകുമ്പോള്‍ നാരായണി ചേച്ചി ഉറക്കെ കിട്ടനെ വിളിക്കും..

"പൊന്നുമോനെ കിട്ടാ.. എണീക്കെടാ... ഏട്ടന്മാര്‍ വിളിക്കുന്നു.. ബേഗം പോടാ..അമ്മേടെ പോന്നു മോനല്ലേ.."

ഉറക്കച്ചടവില്‍ കിട്ടന്‍ നമ്മുടെ കൂടെ വരും.. കിട്ടന് കഴിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ മിച്ചറും അവിലും കരുതി വെക്കും.. എന്തായാലും കിട്ടനെ ഞങ്ങള്‍ക്ക് വല്ലാത്ത ഇഷ്ടം ആണ്.. അത്രയ്ക്ക് നിഷ്കളങ്കന്‍ ആണ് അവന്‍..

ഒരിക്കല്‍ ഒരു ക്ലുബിന്ടെ വര്ഷികാഖോഷം.. ഒരു പാട് കല മത്സരങ്ങള്‍ ഉണ്ട്.. അതില്‍ പ്രച്ഛന്ന വേഷ മത്സരത്തിനു നമ്മുടെ കിട്ടന്‍ പേര് കൊടുത്തു.. ഞാനുമായി നല്ല ബന്ധം ഉള്ളത് കൊണ്ടായിരിക്കാം എന്റെ അടുത്ത് വന്നു പറഞ്ഞു...

"എടാ പ്രദി..എനക്കൊരു വേഷം പറഞ്ഞു താട... ഞാന്‍ മത്സരത്തിനു പങ്കെടുക്കുന്നുട്.."

കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ സമയം ആയതു കൊണ്ടു എനിക്ക് വേറെ ഒന്നും ആലോചികേണ്ടി വന്നില്ല.. ഞാന്‍ പറഞ്ഞു.

"കിട്ടാ.. നീ പോയി ഒരു മിലിട്ടറി ഡ്രസ്സ്‌ റെഡി ആക്കു.. പിന്നെ ഒരു വലിയ കളിതോക്കും.. ബാക്കി കാര്യം ഞാന്‍ നോക്കാം.."

കിട്ടന്‍ എല്ലാം റെഡി ആക്കി... ഞാനും ശ്രീയും അവനു മേക്കപ്പ് ഇട്ടു കൊടുത്തു.. ഒരു കയ്യില്ലാത്ത പട്ടാളകാരന്ടെ വേഷം.. ദേഹത്ത് മുഴുവന്‍ ചോരയുമായി ഒരു കയ്യില്‍ തോക്കുമായി യുദ്ധ ഭൂമിയിലേക്ക്‌ ആര്‍ത്തു വീഴുന്ന ഒരു പട്ടാളകാരന്‍.. ഒരു കൈ കാണാതിരിക്കാന്‍ അത് പിറകില്‍ കെട്ടി വെച്ച് അതിന്ടെ മേലെ ഡ്രസ്സ്‌ ഇട്ടു.. ആ ഭാഗത്തെ കുപ്പയതിണ്ടേ സ്ലീവ് തൂങ്ങി കിടന്നു... ഒരു കൈയ്യില്ലാത്ത പ്രതീതി.. മറ്റേ കയ്യില്‍ തോക്കും.. ചോരക്കു വേണ്ടി കുറെ ചുവന്ന കളര്‍ കലക്കി കുപ്പായത്തില്‍ ഒഴിച്ചു..

മത്സരം തുടങ്ങി.... കിട്ടന്ടെ ഊഴമായി...

കിട്ടന്‍ ആള്‍കാരുടെ ഇടയില്‍ നിന്നും ഒരു കൈയ്യില്‍ തോക്കുമായി "..ആ..ഹ്ഹ.ബചാവോ..." എന്ന് ആര്‍ത്തുവിളിച്ചു താഴേക്ക്‌ വീണു.. ഒരു കൈ പിറകില്‍ കെട്ടിയതിനാല്‍ കിട്ടാന് എണീക്കാന്‍ കഴിഞ്ഞില്ല... മറ്റേ കൈയ്യില്‍ തോക്കും... കുറെ നേരം അങ്ങിനെ തന്നെ കിടന്നു... കാണികള്‍ ആര്‍ത്തു ചിരിച്ചു.. സഹികെട്ട കിട്ടന്‍.. പിറകില്‍ കെട്ടിയിട്ട കൈ പതുക്കെ ഊരി എടുത്തു നിലത്തുകുത്തി എഴുന്നേറ്റു നിന്നു... അപ്പോള്‍ കാണികളുടെ ചിരി ഒരു തരം അട്ടഹാസമായി മാറി..

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

തെയ്യതിന്ടെ വിലാപം

നല്ല ഒരു തെയ്യകാരന്‍ ആണ് പ്രകാശന്‍. ഇന്നത്തെ കാലത്ത് ഒരു യുവാവ്‌ ഇത്രയും നല്ല ഒരു തെയ്യകാരന്‍ ആകുക എന്ന് പറഞ്ഞാല്‍ അവന്ടെ തെയ്യം എത്രത്തോളം നല്ലതാണ് എന്ന് ഊഹിച്ചാല്‍ മതിയാകും.

കണ്ടനാര്‍ കേളന്‍ എന്ന തെയ്യം കെട്ടിയാടാന്‍ പ്രകാശന്‍ തന്നെ വേണം.. അത് കൊണ്ടു തന്നെ ആ തെയ്യം എവിടെ ഉണ്ടായാലും പ്രകാശ്‌ തന്നെ ആയിരിക്കും കെട്ടുക.. കണ്ടനാര്‍ കേളനു നല്ല ആയുധ പരിശീലനം വേണം. അതുപോലെ തന്നെ തീ കുണ്ടതിലേക്കു ഇടയ്ക്കിടെ ഓടി കയറണം.. ഒരു വക പെട്ടവര്‍ക്കൊന്നും അത് പറ്റില്ല. എന്തിനു തീയുടെ അടുത്തു നില്കാന്‍ പോലും വിഷമം ആണ്. പ്രകാശന് അതൊന്നും വിഷയമല്ല. അതുകൊണ്ട് തന്നെ പ്രകാശന് ഒരു പാട് ആരാധികമാരും ഉണ്ട് പ്രകാശന്.

അതില്‍ ഒരാളാണ് രുക്കു എന്ന് വിളിക്കുന്ന രുക്മിണി. പ്രകാശന് തിരിചും അവളോട്‌ പ്രേമം ആണ്.. അത് അവളുടെ വീട്ടുകാര്‍ക്ക് അറിയാമെങ്കിലും കൂടുതല്‍ ആരും അറിയേണ്ടെന്നു കരുതി അവര്‍ വലിയ പ്രശ്നം ആക്കാതെ പ്രകാശനെ ഉള്ളു കൊണ്ടു നേരിടുകയായിരുന്നു രുക്കുവിണ്ടേ ചേട്ടന്മാരും മറ്റും..

വെങ്ങരയിലെ സ്ഥാനം എന്ന കാവിലാണ് കണ്ടനാര്‍ കേളന്‍ തെയ്യം.. ഒരു നേര്‍ച്ചയുടെ ഭാഗമായി ഒരു പാട് വര്‍ഷത്തിനു ശേഷം ആണ് തെയ്യം.. കൂടാതെ പുതിയ ഭഗവതി, കുറത്തി, ഗുളികന്‍, കുലുക്ക തെയ്യം, വിഷ്ണു മൂര്‍ത്തി തെയ്യം തുടങ്ങിയ തെയ്യവും ഉണ്ട്.

കണ്ടനാര്‍ കേളന്‍ തോറ്റം കഴിഞ്ഞു, അതിനു വേണ്ടിയുള്ള തീ കൂന തയ്യരാക്കുകയായിരുന്നു എല്ലാവരും. തെയ്യകാരന്‍ പ്രകാശനെ മാത്രം കാണാനില്ല. അപ്പോളാണ് ആരോ പറഞ്ഞത് പ്രകാശന്‍ ഒരു തെങ്ങിന്‍ കുഴിയില്‍ അടിച്ചു ഓഫായി കിടക്കുന്നുണ്ട് എന്ന്. എല്ലാവരും ഓടിച്ചെന്നു പ്രകാശനെ പൊക്കി എടുത്തു തെയ്യതിന്ടെ അണിയറയായ പതിയിലേക്ക് കൊണ്ടിരുത്തി തെയ്യതിന്ടെ പണിപുര തുടങ്ങി..

ഒരു ഭാഗത്ത്‌ കണ്ടനാര്‍ കേളനും മറുഭാഗത്ത്‌ വിഷ്ണു മൂര്‍ത്തി തെയ്യവും ഒരുങ്ങി കൊണ്ടിരികുകയായിരുന്നു. വിഷ്ണു മൂര്‍ത്തിക്ക് മുഖം എഴുത്ത് കൂടുതല്‍ നേരം എടുക്കും.

ഒടുവില്‍ കണ്ടനാര്‍ കേളന്‍ തെയ്യം ഒരുങ്ങി കഴിഞ്ഞു.. ആടയാഭരണങ്ങള്‍ ധരിച്ചാല്‍ പിന്നെ പ്രകാശന്‍ ഇല്ല. തെയ്യം മാത്രം. അണിയറയില്‍ നിന്നും തന്നെ തെയ്യം ഉറഞ്ഞു തുള്ളികൊണ്ടു കാവിനു മുന്നിലേക്ക്‌ കുതിച്ചു.

അതിനിടയില്‍ വിഷ്ണു മൂര്‍ത്തിയുടെ മുഖം എഴുത്ത് പ്രകാശന്‍, അല്ല തെയ്യം മറന്നു പോയി. അവിടെ വെച്ചിരുന്ന കിണ്ടിയിലെ വെള്ളം തെയ്യം ഉറഞ്ഞു തുല്ലുന്നതിനിടയില്‍ മുഖമെഴുത്തു ഏതാണ്ട് പൂര്‍ത്തിയായ വിഷ്ണു മൂര്‍ത്തിയുടെ മുഖത്തേക്ക് തെറിച്ചു..

രണ്ട് മണിക്കൂര്‍ എടുത്തു പൂര്‍ത്തിയായ മുഖമെഴുത്തു വികൃതം ആയി.. മുഖം എഴുതുന്ന രാമന്‍ മലയന് ദേഷ്യം നിയന്ത്രിക്കാന്‍ പറ്റിയില്ല.. ഒരു നിമിഷം കണ്ടനാര്‍ കേളന്‍ എന്ന തെയ്യതെയും മറന്നു..

"അടിച്ചു അവന്ടെ കാലോടിക്കെട.." തെയ്യത്തെ നോക്കി രാമന്‍ മലയന്‍ ആക്രോശിച്ചു..

ചെണ്ട മേളതിനിടയില്‍ ആ ആക്രോശം ആരും കേട്ടില്ല..

ചെണ്ട മേളതോടൊപ്പം കണ്ടനാര്‍ കേളന്‍ തെയ്യം തീ കൂനയിലേക്ക് കുതിച്ചു.. ഭക്തി സാന്ദ്രമായ ആ മുഹൂര്‍ത്തത്തില്‍ എല്ലാവരും തെയ്യത്തില്‍ അലിഞ്ഞു ചേര്‍ന്നു..

ഓലചൂട്ടിലെ പൊന്‍ വിളിച്ചം കാവിന്‍ പരസരത്തില്‍ പരന്നു.. ഒടുവില്‍ ചെണ്ട മേലതോടൊപ്പം ചിലങ്കയുടെ ചില്‍ ചില്‍ നാദവും കുറഞ്ഞു വന്നു..

ഇനി തെയ്യതിന്ടെ കുറി വാങ്ങുന്ന ചടങ്ങ് ആണ്..

ഭക്തര്‍ മഞ്ഞളും അരി പൊടിയും ചേര്‍ത്ത് ചെക്കിപൂവിനോപ്പം തരുന്ന കുറി വാങ്ങാന്‍ തിരക്ക് കൂട്ടി..

അപ്പോളും പ്രകാശന്ടെ, അല്ല കണ്ടനാര്‍ കേളണ്ടേ കണ്ണുകള്‍ ആരെയൊ പരതുകയായിരുന്നു... അപ്പോളാണ് രുക്കുവിണ്ടേ അനുജന്‍ കുറി വാങ്ങാന്‍ നില്കുന്നത് തെയ്യതിന്ടെ കണ്ണില്‍ പെട്ടത്.. തെയ്യം നേരെ അവന്ടെ അടുത്തു ചെന്നു.. കയ്യിലെ നാണയ തുട്ടുകള്‍ ഭക്തി പൂര്‍വ്വം തെയ്യതിന്ടെ കയ്യില്‍ കൊടുത്തു.. തെയ്യം അവനെ അനുഗ്രഹിച്ചു..

"ഗുണം വരുത്തും..പൈതങ്ങളെ..." എന്ന് ഉച്ചത്തില്‍ പറഞ്ഞ തെയ്യം അതേ താളത്തില്‍ തന്നെ..

"ചേച്ചി വന്നില്ലേ.." എന്ന് കൂടി അവനോടു ചോദിച്ചു..

അത് കേട്ട അവന്‍ നേരെ ചേട്ടന്ടെ അടുത്തു പോയി കാര്യം പറഞ്ഞു..

"ഏട്ടാ തെയ്യം ചേച്ചി വന്നില്ലേ എന്ന് ചോദിച്ചു.."

അത് കേട്ട രുക്കുവിണ്ടേ ചേട്ടന്മാര്‍ തെയ്യത്തിനു നേരെ അടുത്തു..

"നീ കോലം അഴിക്കെടാ..നിനക്ക് വെച്ചിട്ടുണ്ട്.." രുക്കുവിണ്ടേ ചേട്ടന്ടെ മുഴക്കമുള്ള ശബ്ദം പ്രകാശന്ടെ ഉള്ളില്‍ തുളഞ്ഞു കയറി.. ഉള്ളില്‍ എവിടെയോ ഒരു തരിപ്പ് അരിച്ചു കയറി..

കോലം അഴിക്കാന്‍ പ്രകാശന്‍ മടിച്ചു.. ഒടുവില്‍ ഒതേന പെരുവണ്ണാന്ടെ നിര്‍ദേശത്തെ തുടര്‍ന്ന് കോലം അഴിച്ചപ്പോഴെക്കും രുക്കുവിണ്ടേ ചേട്ടന്മാര്‍ ചുറ്റും കൂടി..

പിന്നെ നടന്നത് പ്രകാശന് ഓര്‍മയില്ല.. ഓര്മ വരുമ്പോഴേക്കും ആശുപത്രി കിടക്കയില്‍ ആയിരുന്നു..

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

അച്ചു മകന്‍ ഒതേനന്‍

ഒടുവില്‍ 'അച്ചുമകന്‍ ഒതേനന്‍' വലിയ ഒരു നാടകമായി. കഥാപാത്രങ്ങള്‍ കൂടി.

ഒതേനന്ടെ മക്കള്‍ രാമനും കോമനും, കൊരന്ടെ കാമുകി മാതി..ഒരു മലയന്‍ പണിക്കര്‍ അയാളുടെ മകന്‍, ജോത്സ്യന്‍, ഒരു തെങ്ങ് കയറ്റക്കാരന്‍, പിന്നെ ഞങ്ങളുടെ കിട്ടനും. കിട്ടന്‍ കിട്ടനായി തന്നെ.

നാടക റിഹേര്‍സല്‍ തുടങ്ങി. അവതരണത്തിന് മുന്നേ തന്നെ നാട്ടില്‍ ചര്‍ച്ചാവിഷയമായി. നാട്ടിലെ പലരും പറഞ്ഞു തുന്ടങ്ങി അത് ഇയാളുടെ കഥ ആണ് അയളുടെ കഥ ആണ് എന്നൊക്കെ. കുറെ പേര്‍ ഭീഷണി മുഴക്കി. അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ റിഹേര്‍സല്‍ മുന്നോട്ടുകൊണ്ടു പോയി. അതിനിടയില്‍ ആരോ പറഞ്ഞു തെങ്ങ് കയറ്റകാരന്‍ ഉണ്ട് നാടകത്തില്‍. അവരും ഭീഷണിയുമായി വന്നു..

"കാര്യല്ലും കാര്യം തന്നെ.. നാടകം നടത്തിക്കോ.. ഒറ്റ കാര്യം തെങ്ങ് കയറ്റകാരന്ടെ വേഷം മാന്യമായിരിക്കണം..ഇല്ലെങ്കില്‍ വിവരം അറിയും.." തെങ്ങ് കയറ്റക്കാര്‍ ഭീഷണി മുഴക്കി.

തെങ്ങ് കയറ്റക്കാര്‍ പറഞ്ഞത് ശരി ആണ്. നാട്ടില്‍ തെങ്ങ് കയറ്റകാരുടെ വേഷം അങ്ങിനെയാ. ഒരു മരവുരി പോലത്തെ നീളം കുറഞ്ഞ തോര്‍ത്ത്‌ മുണ്ട്. അത് വേണമെങ്കില്‍ ചുമരില്‍ ചാരി വെക്കാം. അത്രയ്ക്ക് വടി മാര്‍ക്കാണ്. പോരാത്തതിനു അത് മുട്ടിനു വളരെ മുകളില്‍ ആണ് ഉടുക്കുക. അണ്ട കടാഹംവരെ കാണാം. ദേഹത്ത് വേറെ ഒരു തുണിയും ഉണ്ടാകില്ല.
ഏതായാലും തെങ്ങ് കയറ്റക്കാര്‍ പറഞ്ഞത്‌ ഞങ്ങള്‍ അനുസരിച്ചു..

ക്ലുബ്ബിന്ടെ വാര്‍ഷികം ആയി.. പല കലാപരിപാടികളും തുടങ്ങി. ഒടുവില്‍ ഞങ്ങളുടെ നാടകം തുടങ്ങി.

'അച്ചു മകന്‍ ഒതേനന്‍'..എന്ടെയും രാംജിയുടെയും ഒന്നാം രംഗം തീര്‍ന്നു.

അടുത്തത് മലയ പണിക്കാരും മകനും വേദിയില്‍..

"എടാ ഈ ലിസ്റ്റ് ഒന്നും എഴുതിയെ.. രാമന് കൊടുക്കനുല്ലതാ.. ആട പ്രേതത്തിനെ ഒയിപ്പിക്കാന്‍ ഒരു നീക്കല്‍ ഉണ്ട്.. നീ വേകം വാ.." മലയ പണിക്കര്‍ മകനോട്‌ പറഞ്ഞു.

"രണ്ട് കിലോ മലര്.. രണ്ട് കിലോ ആവില്.. കുറച്ചു ചെക്കി പൂ.............." അങ്ങിനെ ഒരു വലിയ ലിസ്റ്റ് മലയ പണിക്കര്‍ മകനോട്‌ പറഞ്ഞു..

"ങാ..പിന്നെ പിന്നെ രണ്ട് കോയി (കോഴി)... വേകം എഴുതെടാ.."

"അതെന്തിനാ അപ്പ രണ്ട് കോയി.. ഒന്ന് പോരെ.." പണിക്കരോട് മകണ്ടേ ഒരു ചോദ്യം.

"എടാ കൊരങ്ങാ. കാവിലെ അടിയന്തിരത്തിന് നിന്ടെ അപ്പന്‍ കൊണ്ടുവരുവോ കോയിനെ.." മലയ പണിക്കര്‍ക്ക് ദേഷ്യം വന്നു..

"അയിനു നമ്മ ഈ കോയിനെ കൊല്ലുലെ അപ്പാ.." മകന്ടെ മകന്ടെ സംശയം.

"ഏട ബെഗിടാ.. നമ്മള്‍ കോയി കൊല്ലുല്ലാ. കൊല്ലുന്ന മാതിരി ആക്കും. അപ്പൊ നീ എടുത്തു സഞ്ചിയില്‍ ഇടണം..." പണിക്കര്‍ മകനോട്‌ പറഞ്ഞു..

"എന്റെ അപ്പാ.. അപ്പന്ടെ ഒരു ബുദ്ധി..." മകന്‍ പണിക്കാരെ കെട്ടി പിടിച്ചു..
കാണികള്‍ ആര്‍ത്തു ചിരിച്ചു..

അടുത്തത് അമ്പലത്തിലെ കാഴ്ചക്ക് തേങ്ങ ഇടാന്‍ വരുന്ന രംഗം. കിട്ടാനാണ്‌ രംഗത്ത്. കിട്ടന് കണ്ടതോടെ കാണികള്‍ ആര്‍ത്തു വിളിച്ചു

"കിട്ടാ...കിട്ടാ.."

കിട്ടന് നിഷ്കളങ്കമായ ചിരിയോടെ വേദിയില്‍

"ആരിത് കിട്ടനോ..എന്തുണ്ട്രാ കിട്ടാ...നിന്നെ കാണാനേ ഇല്ലല്ലോ.. " കോമന്‍ കിട്ടനോട് ചോതിച്ചു..

"എന്റെ കോമേട്ടാ.. കാഴ്ച്ചക്കുള്ള തേങ്ങ ഇടാന്‍ വന്നതാ.. കോരാട്ടന് ഉണ്ട് തേങ്ങ പറിക്കാന്‍.. വെള്ളരിക്കയൊന്നും ഇല്ലേ.." കിട്ടന്ടെ ചോദ്യം..

അപ്പോളാണ് തെങ്ങുകയറ്റകാരന്‍ കോരന്‍ വന്നത്.

"കിട്ടാ.നീ പോയി തേങ്ങ എണ്ണിയിട്.. " കോരന്‍ കിട്ടനോട്. കിട്ടന്‍ അവിടെ നിന്നില്ല..

കോരന്‍ വേദിയില്‍ എത്തി. മരവുരി പോലെ ഉള്ള ഒരു തോര്‍ത്ത്‌ മുണ്ടും അവിടവിടെ സുഷിരങ്ങള്‍ വീണ ഒരു ബനിയനും വേഷം.. ദേഹം നിറയെ പൊടി പടലങ്ങള്‍..

"ഹാ കോരനോ..എന്തുണ്ട് കോര തേങ്ങ പറിയും കള്ള് ചെത്തും.." രാമന്‍ കോരനോട് ചോദിച്ചു

"ഒന്ന് പറയന്ടെണ്ടേ രാമേട്ടാ... പുതിയ നിയമം വരാന്‍ പോകുകയ..തേങ്ങ പറിക്കുന്നവര്‍ കള്ള് ചെത്താന്‍ പാടില്ലാന്നും..കള്ള് ചെത്തുന്നവര്‍ തേങ്ങ പറിക്കാന്‍ പാടില്ല എന്നും..പിന്നെ മുട്ടത്തും പുതിയങ്ങാടിയിലും തേങ്ങ പറി ഉള്ളത് കൊണ്ടു ഒപ്പിച്ചു പോകുന്നു.." കോരന്‍ പറഞ്ഞു.

(Note: കണ്ണൂരില്‍ തേങ്ങ പറി എന്നാല്‍ തേങ്ങ ഇടുക എന്നു അര്‍ഥം)

"ഹാ പറയുംപോലെ അവിടെ എങ്ങനെ ഉണ്ട്..." രാമന് ആദി കേറി..

"ഒന്നും പറയണ്ട രാമേട്ടാ... മുട്ടത്തെ പറി അല്ലേ പറി.. ആട്ത്തെ തെങ്ങ് അല്ലേ തെങ്ങ്.. മേലോട്ട് കേറാന്‍ എന്താ സുഖം..കേറിട്ടു ചുറ്റുവട്ടം നോക്കാന്‍ പരമ സുഖം.. ഇറങ്ങാന്‍ തോന്നില്ല..." കോരന്‍ കോരിത്തരിച്ചു കൊണ്ടു പറഞ്ഞു.. അത് കേട്ട രാമനും കോരിത്തരിച്ചു..

മുട്ടത്തു അങ്ങിനെയാണ് പോലും. തെങ്ങിന്ടെ മേലെ ഇരുന്നാല്‍ എല്ലാം കാണാം..സ്ത്രീകള്‍ കുളിക്കുന്നതും മറ്റും.. അതുകൊണ്ട് തന്നെ തെങ്ങ്കയറ്റകാര്‍ക്ക് അവിടെ പോകാന്‍ വലിയ ഇഷ്ടം ആണ്

കാണികള്‍ ആര്‍ത്തു ചിരിച്ചു..

ഒടുവില്‍ നാടകം തീര്‍ന്നു..

പിറ്റേന്ന് നാട് മുഴുവന്‍ വെല്ലു വിളികള്‍.. തെറിയഭിഷേകം.പോസ്റര്‍ വിപ്ലവം.. അങ്ങിനെ പലതും..വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതായി..

രാംജിയുടെ അച്ഛന്‍.. ദേഹമാസകലം രോമം ഉള്ളതിനാല്‍ വെങ്ങര നാടിന്ടെ രോമാന്ജം എന്നാണ് അറിയപെടുന്നത്... ഒരു അറുപതു വയസ്സിനു മേലെ പ്രായം..
വെങ്ങരയിലെ മെയിന്‍ സ്റ്റോപ്പില്‍ തന്നെ ആണ് വീട്.

ഒരിക്കല്‍ അത് വഴി പോയപ്പോള്‍ എന്നോട് ചോദിച്ചു .

"എടാ നിങ്ങ നാടകം കളിച്ചതിനു ഞാനെന്തു പിഴച്ചു.. ഇന്നലെ രാത്രി രണ്ട് മണിക്ക് ആരോ എന്ണ്ടെ അമ്മയെ തെറി വിളിച്ചു...ഞാനും എന്റെ അമ്മയും എന്ത് പിഴച്ചു..." രാംജിയുടെ അച്ഛന്ടെ മുന്നില്‍ ഉത്തരം പറയാന്‍ കഴിയാതെ ഞാനും..

ഒരു നാടകം വരുത്തി വെച്ച വിന...

2010, ജൂൺ 9, ബുധനാഴ്‌ച

ഭയങ്കരം കുമാരേട്ടന്‍

"എനക്കും കോരന്‍മാഷക്കും ആഴ്ചയില്‍ ഒരു ഇളനീര്‍ നിര്‍ബന്ടമാണ്.. അത് നമ്മള്‍ ഡെയിലി കയിക്കും..അത് ഭയങ്കരം ആണ്.."

കുമാരേട്ടന്‍ അങ്ങിനെയാ..എന്ത് പറയുമ്പോഴും അവസാനം ഒരു 'ഭയങ്കരം' എന്നു ഉണ്ടാകും. കൂലോത് വളപ്പില്‍ കുമാരേട്ടന്‍ അങ്ങിനെ 'ഭയങ്കരം കുമാരേട്ടന്‍ ആയി..

'ഭയങ്കരം കുമാരേട്ടന്‍' നീളം കുറഞ്ഞ സാധു മനുഷ്യന്‍.. സാധു ആകുന്നതു കുടികാതിരിക്കുമ്പോള്‍ മാത്രം. വെള്ളമടിച്ചാല്‍ ആള് മഹാ പെശകു ആണ്.. ആ പാവം മാതിയേച്ചിയെ രണ്ട് പൊട്ടിക്കും. ഇല്ലെങ്കില്‍ 'ഭയങ്കരം കുമാരേട്ടന്' ഒറക്കം വരില്ല..

രണ്ട് പശുവും അതിന്ടെ പാലുമാണ് വരുമാന മാര്‍ഗം. പാല്‍ സൊസൈറ്റിയില്‍ കൊടുക്കും. കൃഷ്നാട്ടന്‍ ആണ് പാലിന്ടെ റീടിംഗ് പരിശോധിക്കുക. 10 ലിറ്റര്‍ പാല്‍ 'ഭയങ്കരം കുമാരേട്ടന്‍' 20 ആക്കി സൊസൈറ്റിയില്‍ കൊണ്ടു വരും. റീടിംഗ് മീറ്റര്‍ പാലില്‍ ഇട്ടാല്‍ പിന്നെ അത് തപ്പി എടുക്കാന്‍ ഒരാള്‍ വേണം. അതുകൊണ്ട് തന്നെ കൃഷ്നാട്ടന്‍ റീടിംഗ് മീറ്റര്‍ മുറുക്കെ പിടിക്കും..

"അല്ല കുമാരേട്ടാ.. എന്തൊരു പാല ഇത്..വെള്ളം ചേര്‍ക്കുന്നതിനു ഒരു പരിധി ഇല്ലേ..ഇതെങ്ങിനെയാ ഞാന്‍ വേറെ ആള്‍ക്ക്കൊടുക്ക്വ..".. കൃഷ്നാട്ടന്‍ 'ഭയങ്കരം കുമാരേട്ടനോട് അല്പം ദേഷ്യത്തില്‍ പറഞ്ഞു..

"കൃഷ്ണാ.. എന്നേ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഇന്നലെ എന്റെ ഓളാ (ഭാര്യ) പശുനു വെള്ളം കൊടുത്തത്.. വെള്ളം കൊറേ കൊടുത്തു..അതാ പാലിങ്ങനെ.." 'ഭയങ്കരം കുമാരേട്ടനോട് തര്‍ക്കിക്കാന്‍ കൃഷ്നാട്ടാണ് പറ്റിയില്ല..

വേറൊരിക്കല്‍ റീടിംഗ് കുറഞ്ഞതിനെ പറ്റി ചോദിച്ചപ്പോള്‍ 'ഭയങ്കരം കുമാരേട്ടന്‍' പറഞ്ഞത് ഇങ്ങനെ..

"എന്തുന്ന കൃഷ്ണാ...എന്ത് കാലി തീറ്റയാ നിങ്ങ സൊസൈറ്റിയില്‍ കൊണ്ടാരുന്നത്.. അത് കൊടുത്തതിനു ശേഷം പശു ചറ പറാന്നു ചാണോന്‍ ഇടാനെ നേരം ഉള്ളു..അപ്പൊ പാലിന്ടെ കാര്യം പറയണോ..." ദേഷ്യത്തിലുള്ള 'ഭയങ്കരം കുമാരേട്ടനോട് ഒന്നും മറുപടി പറയാന്‍ സൊസൈറ്റി കൃഷ്നാട്ടാണ് പറ്റിയില്ല..

എത്ര കാലം ഇങ്ങനെ പാല് അല്ല വെള്ളം സൊസൈറ്റിയില്‍ എടുക്കും.. ഒരു ദിവസം കൃഷ്നാട്ടന്‍ 'ഭയങ്കരം കുമാരേട്ടണ്ടേ പാല് മടക്കി..
മടക്കിയ ദേഷ്യത്തിന് 'ഭയങ്കരം കുമാരേട്ടന്‍' 20 ലിറ്റര്‍ പാല് അവിടെ വെച്ചു തന്നെ കുടിച്ചു തീര്‍ത്തു ഒരു ഏമ്പക്കം വിട്ടു..

അതാണ്‌ 'ഭയങ്കരം കുമാരേട്ടന്‍'..

പശു പരിപാടി മടുതതിനാലോ അതോ സൊസൈറ്റി കൃഷ്ണന്ടെ പ്രാക്ക് കേള്‍കുന്നതിനാലോ എന്നറിയില്ല, ഒരു ദിവസം 'ഭയങ്കരം കുമാരേട്ടന്‍' പശുവിനെ വിറ്റു.. ആ പണം കൊണ്ടു ഒരു കന്നാസു ചാരായം വാങ്ങി ചെമ്പല്ലികുണ്ടിലുള്ള അചാച്ചന്ടെ ചായിപ്പില്‍ എത്തി..

ചെമ്പല്ലികുണ്ട്.. ഞങ്ങളുടെ എല്ലാമായ പുഴയാണ്.. പുഴയുടെ രണ്ട് ഭാഗത്തും ടാര്‍ ചെയ്ത റോഡ്‌ ഉണ്ടെങ്കിലും മരത്തിന്ടെ പാലം ആയിരുന്നു.. ഞങ്ങളുടെ വൈകുന്നേരം ആ പാലത്തിലാണ്.. എന്നും വൈകുന്നേരം ഞങ്ങള്‍ എല്ലാവരും അവിടെ എത്തും.. എനിട്ട്‌ ആ പാലത്തില്‍ ഇരിക്കും.. അവിടെ വെച്ചാണ് പ്രേമവും നൈരാശ്യവും കരഞ്ഞു തീര്‍ക്കുക.. ആ പുഴക്കും പാലത്തിനു ഒരു പാട് കഥകള്‍ പറയാനുണ്ടാകും..

അന്നും പതിവ് പോലെ ഞങ്ങള്‍ സായാഹ്ന്ന സവരികിറങ്ങി.. ചെമ്പല്ലികുണ്ട് പുഴയുടെ അടുത്ത് വീടുകള്‍ വളരെ കുറവാണ്.. ഒരു പഴയ മര കമ്പനി ഉണ്ട്. 'മാരുതി' ഇന്ടസ്ട്രീസ്.. പേര് മാരുതി എന്നാണെങ്കിലും പ്രവര്‍ത്തനം ഒന്നും ഇല്ല. റോഡിന്ടെ ഇരു വശത്തും രണ്ട് ചായ പീടിക.. ഒരു ചായ പീടികയുടെ പിറകു വശം ആണ് അച്ച്ചാച്ചണ്ടേ ചായിപ്പു.. തേങ്ങയും നെല്ലും മറ്റും സൂക്ഷിക്കാന്‍ ഉണ്ടാകിയതാനത്..

ചായിപ്പില്‍ ഇരുന്നു 'ഭയങ്കരം കുമാരേട്ടന്‍' റോഡില്‍ പോകുന്നവരുടെ എല്ലാവരുടെയും ജനന കഥകളും മറ്റും വിളിച്ചു പറയുകയാണ്.. ആശാന്‍ നല്ല ഫോമിലാണ്.. അത് കൊണ്ടു തന്നെ 'നല്ല' ഭാഷയായിരുന്നു.. എന്താണെന്നറിയില്ല അത് വഴി പോകുന്ന എല്ലാവരും ചെവിപൊത്തുന്നുണ്ട്.

സമയം കുറെ ഇരുട്ടി.. 'ഭയങ്കരം കുമാരേട്ടന്' എന്ത് ഇരുട്ട്.. ഇരുട്ടത്തും എല്ലാവരെയും തെറി അഭിഷേകം ആയിരുന്നു.. ഞങ്ങള്‍ രണ്ട് പേര് മുഖം മറച്ചു 'ഭയങ്കരം കുമാരേട്ടന്ടെ അടുത്തെത്തി.. അപ്പോള്‍ കുമാരേട്ടന്‍ തെറി പുതിയ തലത്തിലേക്ക് എത്തിച്ചു.. ഇത് വരെ കേള്‍കാത്ത തെറികള്‍.. എന്തൊരു ഭാഷ ചാതുര്യം.. ഇങ്ങനെയൊക്കെ തെറിയുണ്ടെന്ന് അന്നാണ് മനസ്സിലായത്‌..

ഒന്നും ആലോചിച്ചില്ല.. ആസനം നോക്കി രണ്ട് പൊട്ടിച്ചു.. എനിട്ട്‌ ഓടി ഒളിച്ചു..
"ഏത് നായിന്ടെ ...... അടിച്ചതെന്ന് എനക്ക് അറിയാമെടാ... ഇനിയും എന്നേ അടിക്കെടാ...." 'ഭയങ്കരം കുമാരേട്ടന്' അലറുകയാണ്..

ഇനിയും തെറി കേള്‍ക്കാന്‍ വയ്യാ.. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന്..കുമാരേട്ടനെ പൊക്കി എടുത്തു കിണറ്റിണ്ടേ കരയില്‍ ഇരുത്തി.. എനിട്ട്‌ തൊട്ടി എടുത്തു കിണറ്റില്‍ നിന്നും വെള്ളം കോരി കുമാരേട്ടന്ടെ തലയില്‍ ഒഴിച്ച്..

കുറെ വെള്ളം ഒഴിച്ചതിനു ശേഷം ആണ് ആര്‍ക്കോ ഒരു ഐഡിയ തോന്നിയത്..

"എടാ നമ്മക്ക് ഒരു 100 തൊട്ടി വെള്ളം കുമാരേട്ടന്ടെ തലയില്‍ ഒഴിക്കാം.. " കൂട്ടത്തില്‍ ആരോ പറഞ്ഞു

ഉടുമുണ്ട് അഴിച്ചു വെച്ചു വെറും കളസത്തില്‍ കുമാരേട്ടന്ടെ ഒരു കല്ലിന്ടെ മേലെ ഇരുത്തി..

"ഒന്ന്.. രണ്ട്.. മൂന്നു.. നാല്.. ഇരുപതു.. നാപ്പതു.." വീണ്ടും "ഇരുപതു.. നാപ്പതു.. എഴുപതു.. നൂറു.." അങ്ങിനെ ഇടയ്ക്കു തെറ്റിച്ചു ഒരു 200 തൊട്ടി വെള്ളമെങ്കിലും കുമാരേട്ടണ്ടേ തലയില്‍ ഒഴിച്ചു..

കുമാരേട്ടന്‍ ഫ്ലാറ്റ്...

ഞങ്ങള്‍ എല്ലാവരും പേടിച്ചു..

"എടാ ആള് വടി ആയോ..." ആരോ ചോദിച്ചു..

"കുമാരേട്ടാ.. കുമാരേട്ട..." എല്ലാവരും സ്നേഹത്തോടെ വിളിച്ചു..

കുമാരേട്ടന്‍ ഒന്നും മിണ്ടുന്നില്ല.. എല്ലാവരും പേടിച്ചു.. ശരീരം തണുത്തു മരവിച്ചിരിക്കുന്നു..

വേഗം കുമാരേട്ടന്ടെ എടുത്തു ചായ പീടികയില്‍ കൊണ്ടു ഇരുത്തി.. എന്നിട്ട് കുറച്ചു വിറകും മറ്റും കൂട്ടി തീ ഇട്ടു.. കുമാരേട്ടനെ അതിന്ടെ മുന്നില്‍ ഇരുത്..

നനഞ്ഞ വസ്ത്രം മാറ്റി വെറും കളസത്തില്‍ മാത്രം തീയുടെ അടുത്ത് നിര്‍ത്തി..
പെട്ടന്ന് കുമാരേട്ടന്‍...

"ഇനി എന്തിനാ കളസം എനിക്ക്" എന്നു പറഞ്ഞു ഉള്ള കളസവും അഴിച്ചു..

പൂര്‍ണ നഗ്നനായി കുമാരേട്ടന്‍ തീ കാഞ്ഞു.. ഞങ്ങള്‍ കുമാരേട്ടന് ചുറ്റും ആനന്ദ നൃത്തം ചവിട്ടി..

"കുമാരേട്ടാ.. കുമാരേട്ടാ.. തില്ലോ.. തില്ലോ.. കൈ തൊഴുന്നേ കുമാരേട്ടാ.." പാടി തിമിര്‍ത്തു..

അപ്പോള്‍ ആ ചായ പീടികയില്‍ പൊലേന്‍ കാഞ്ഞന്‍ കിടന്നു ഉറങ്ങുന്നുടായിരുന്നു..

പൂര്‍ണ നഗ്നനായ കുമാരേട്ടനെ കാഞ്ഞണ്ടേ കൂടെ കിടത്തി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി..

അടുത്ത് ഒരു ദിവസവും കാത്ത്...

2010, ജൂൺ 6, ഞായറാഴ്‌ച

ഒരു മറവില്‍ കാമുകന്‍...

ഞങ്ങള്‍ ആറംഗ സുഹൃത്തുക്കള്‍.. അതില്‍ ഒരു കാമുകന്‍ ഉണ്ട്.. ഞങ്ങള്‍ അവനെ 'മറവില്‍' കാമുകന്‍ എന്നാണ് വിളിക്കാറ്.. അതിനു കാരണം അവന്‍ തന്നെ.. എന്റെ വീടിന്ടെ തൊട്ടടുത്ത്‌ ഞങ്ങള്‍ 'റാണി' എന്ന് വിളിക്കുന്ന ഒരു കോളേജ് കുമാരി ഉണ്ട്.. 'റാണി' എന്ന പേരിനു മുന്‍പ് പലതും ചേര്‍ത്തും വിളിക്കും ഞങ്ങള്‍.. അത് സ്നേഹം കൂടുമ്പോള്‍ പലതു ആയിരിക്കും..

വീടിനു മുന്നിലൂടെ ബസ്‌ ഉണ്ടെങ്കിലും അല്പം ദൂരെ ഉള്ള പ്രധാനപെട്ട ബസ്‌ സ്റ്റോപ്പില്‍ നിന്നും മാത്രമേ അവളും നമ്മളെ പോലെ ബസ്‌ കയറു.. റോഡില്‍ കൂടെ നടന്നുള്ള യാത്ര ഒരു സുഖമാണ് ഞങളെ പോലെ അവള്‍ക്കും.. ആ പോകുന്ന പോക്കില്‍ പലര്‍ക്കും ഒരു കടാക്ഷം കൊടുക്കാന്‍ മടിക്കില്ല നമ്മുടെ റാണി.. ഒരിക്കല്‍ ഒരു കടാക്ഷം നമ്മുടെ കാമുകനും കിട്ടി.. അതിന്ടെ ശീതിളിമയില്‍ നമ്മുടെ കാമുകനും വീണു എന്ന് പറയാം.. അവന്ടെ വീട് റോഡില്‍ നിന്നു മാറി കുറച്ചു അപ്പുറം ആണ്.. അവിടെ നിന്നും നോക്കിയാല്‍ റോഡിലൂടെ പോക്കുന്നവരെ ശരിക്കും കാണാം..

അവള്‍ കോളേജില്‍ പോകുന്ന സമയം അവളെക്കാള്‍ നന്നായി അറിയാവുന്ന നമ്മുടെ കാമുകന്‍, അവള്‍ നോക്കുന്നതും കാത്തു അവന്ടെ കിടപ്പ് മുറിയുടെ ജനാല തുറന്നിടും.. അവളുടെ ഒരു നോട്ടതിനായി ഏത് തിരക്കിലും അവന്‍ ആ ഒരു സമയം മാറ്റി വെക്കും.. അവനു ഞങ്ങള്‍ ഇട്ട പേരാണ് 'മറവില്‍ കാമുകന്‍'.. അവളെ നേരിട്ട് കണ്ടാല്‍ കാല്‍ മുതല്‍ തല വരെ ഒരു തരം വിറയല്‍ അനുഭവപെടുന്നത് കൊണ്ടാണ് ഈ 'മറവില്‍' പരിപാടി...

എന്താണെന്നറിയില്ല എന്നെ ഭയങ്കര സംശയം ആണ് അവനു.. ആ കാലത്ത് ഞാന്‍ നല്ല ഗ്ലാമര്‍ ആയിരുന്നു.. പോരാത്തതിനു എന്റെ വീടിന്ടെ തൊട്ടടുത്തും.. എന്റെ കിടപ്പുമുറിയുടെ ജനാല തുറന്നാല്‍ അവളുടെ വീടിന്ടെ കോലായി കാണാം.. പവര്‍ കട്ട്‌ അവനു ഒരു അനുഗ്രഹമായിരുന്നു.. ആ സമയത്ത് അവന്‍ എന്റെ വീട്ടില്‍ വരും.. എന്റെ കിടപ്പ് മുറിയിലെ ജനാലയിലൂടെ മെഴുകുതിരി വെട്ടത്തില്‍ പുസ്തകം ഉച്ചത്തില്‍ വായിക്കുന്ന അവളെ അവന്‍ കന്നിമ ചിമ്മാതെ നോക്കിയിരിക്കും.. അങ്ങിനെ ആ മറവില്‍ പ്രണയം നീണ്ടു പോയി.. അവനു അത് ഒരു ആവേശമായി മാറി..

പിന്നീടു അവളുടെ കടാക്ഷം കിട്ടാത്ത ദിവസം അവന്‍ അസ്വസ്ഥനായി.. ഒടുവില്‍ ഒരു കടലാസ് തുണ്ടില്‍ അവന്‍ എഴുതി.. "റാണി ഒന്ന് എന്നെ നോക്കി ഒന്ന് ചിരിക്കു പ്ലീസ് " ..ആ കടലാസ് തുണ്ട് എന്റെ ഒരു സുഹൃത്തിനെ ഏല്പിച്ചു.. അവന്‍ അത് എനിക്ക് തന്നു.. ഞാന്‍ അത് എന്റെ വീട്ടിലെ ഒരു കുട്ടിയുടെ കയ്യില്‍ കൊടുത്തിട്ട് "റാണി ചേച്ചിക്ക് കൊടുക്കാന്‍ പറഞ്ഞു... അവള്‍ അത് കൊടുത്തതും ഒരു അലര്‍ച്ച കേട്ട്..

ഞാന്‍ ഓടി സുഹൃതിണ്ടേ വീട്ടില്‍ എത്തി..

"എടാ പ്രശനം ആയി എന്ന തോനുന്നെ.. വേഗം വിട്ടോ..."

നിര്‍ഭാഗ്യവശാല്‍ എന്റെ ചെരിപ്പുകള്‍ വീട്ടു മുട്ടത്തു ആയിരുന്നു.. അത് എടുക്കാന്‍ ചെന്നപ്പോള്‍ അതാ മുന്നില്‍ നില്കുന്നു.. റാണിയും അവളുടെ അമ്മയും.. അമ്മയുടെ സംസാരശേഷി നന്നായി അറിയുന്നതിനാല്‍ ഉള്ളില്‍ എവിടെയോ ഒരു കൊള്ളിയാന്‍ മുന്നിയില്ലേ എന്ന് സംശയം..

നമ്മുടെ റാണി കരച്ചിലായിരുന്നു.. എല്ലാവരും പറയുന്നത് പോലെ അവളും മൊഴിഞ്ഞു... എനിക്ക് എന്റെ ഏട്ടന്ടെ സ്ഥാനത്തെ കാണാന്‍ പറ്റു എന്ന്... ഞാന്‍ പറഞ്ഞു നീ മോഹിപിച്ചതതുകൊണ്ടാല്ലേ അവന്‍ എഴുതിയത് എന്ന്... ഒടുവില്‍ ആ പ്രശ്നം പറഞ്ഞു തീര്‍ത്തു....

അവളുടെ ചേട്ടന്‍ ആയി മാറിയ അവന്‍ രണ്ടു പെഗ് കയറിയാല്‍ പാടാന്‍ തുടങ്ങും...

"കത്തിയെരിയുമീ ഗ്രീഷ്മതിനപ്പുറം..പൂക്കാലമുണ്ടായിരിക്കാം..."

അനുഭവതിണ്ടേ വെളിച്ചത്തില്‍ അതിനു മറുപടി ആയി ഞാന്‍ പാടും...
"കാണുന്ന സ്വപ്‌നങ്ങള്‍ എല്ലാം ഫലിച്ചാല്‍..
കാലത്തിന്‍ കല്പനകെന്തു മൂല്യം..."

Note: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.. അല്ല എന്ന് തോനുന്നവര്‍ എന്നോട് ക്ഷമീരെ.....

ഒരു ഉത്സവകാല ഓര്മ..

ഒരു ഉത്സവ കാലം.. മല്ലിയോട്ടു പാലോട്ടു കാവില്‍ ഉത്സവതോടനുബന്ദിച്ചു നാടകവും വെടി കെട്ടും.. ഞങ്ങള്‍ ആറംഗ സംഘം യാത്രയായി.. നമ്മുടെ പ്രിയപ്പെട്ട പുഴയും കടന്നു വയലോരത്തൂടെ ഉള്ള റോഡിലൂടെ ഞങ്ങള്‍ സൈക്കിളില്‍ ആര്‍ത്തു അട്ടഹസിച്ചു യാത്രയായി..

എന്നും നല്ല നാടകങ്ങള്‍ മാത്രം നടക്കുന്ന മല്ലിയോട്ടു പാലോട്ടു കാവിലെ ഉത്സവം വല്ലാത്തൊരു അനുഭൂതി ആയിരുന്നു ഞങ്ങള്‍ക്ക്..

ഉത്സവ ചന്ദകളില്‍ നിന്നും ആരെയെങ്ങിലും കണ്ടാല്‍ '....ഏട്ടാ അല്ലെങ്കില്‍.. ..ഏച്ചി' എന്ന് വിളിക്കുകയും അവര്‍ അത്ഭുതത്തോടെ ഞങ്ങളോട് സംസാരിക്കുകയും ഒരു അരങ്ങായിരുന്നു ഞങ്ങള്‍ക്ക്..

ഒടുവില്‍ പാതിരാത്രിയിലെ വെടികെട്ടു തീര്‍ന്നു തിരിച്ചു യാത്രയായി ഞങ്ങള്‍.. ഞാനും കുട്ടനും ഒരു സൈക്കിളില്‍.. ശ്രീയും ഉമേശനും വേറൊന്നില്‍.. ശബ്ദം പ്രകാശനും മറവില്‍ കാമുകനും മറ്റൊന്നില്‍..

നല്ല നിലാവുള്ള രാത്രി.. റോഡില്‍ ആരും ഇല്ല.. നിലാവത് റോഡ്‌ വെട്ടി തിളങ്ങുന്നു.. പെട്ടന്ന് കുട്ടന് ഒരു ഐഡിയ..

"എടാ നമുക്ക് തുണി ഇല്ലാതെ യാത്ര തുടര്നാലോ..." എല്ലാവരും മടിച്ചു..

എനിക്കും നല്ല ത്രില്‍ ആയി.. ഒടുവില്‍ ഞാനും കുട്ടനും പിറന്നപടി ഉച്ചത്തില്‍ ആര്‍ത്തു വിളിച്ചു യാത്ര തുടങ്ങി.. പിറകില്‍ നമ്മുടെ മറ്റു വാനരന്മാരും..

പെട്ടന്ന് മുന്നില്‍ നിന്നും ഒരു ജീപ്പ് വരുന്നു.. പിറകില്‍ നിന്നും മറ്റൊരു വാഹനം.. അവരും ഉത്സവം കഴിഞ്ഞുള്ള വരവാണ്.. പെട്ടന്ന് എന്ത് ചെയ്യണം എന്ന് ആലോചിക്കാന്‍ നേരം കിട്ടിയില്ല.. നിലാവിന്ടെ തെളിച്ചവും വാഹനങ്ങില്‍ നിന്നുള്ള തെളിച്ചവും കൂടി പകല്‍ വെളിച്ചം പോലെ ആയി... രണ്ടു വാഹനങ്ങളില്‍ നിന്നും ഉയര്‍ന്ന കൂ വിളി മാത്രം ഓര്‍മയുണ്ട്.. ആ കൂ വിളിയില്‍ ചില സ്ത്രീ ശബ്ദവും ഇപ്പോളും മനസ്സില്‍ നില്കുന്നു..

അത് കഴിഞ്ഞു സൈക്കിള്‍ നിര്‍ത്തിയത് ഒരു പപ്പന്‍ ചേട്ടന്ടെ വീടിനു മുന്നില്‍.. റോഡില്‍ നിന്നും ഒരു 50 മീറ്റര്‍ ദൂരെയാണ് പപ്പന്‍ ചേട്ടന്ടെ വീട്.. രാത്രി 2 മണി.. ഞങ്ങള്‍ എല്ലാവരും റോഡില്‍ നിരന്നു നിന്നു.. എനിട്ട്‌ ഉച്ചത്തില്‍.

"പപ്പേട്ടോ..ഓടി വായോ.. ഓടി വാ പപ്പേട്ടോ.. എന്ന് ഉച്ചത്തില്‍ വിളിച്ചു..

പെട്ടന്ന് പപ്പന്‍ ചേട്ടന്ടെ വീട്ടിലെ മുഴുവന്‍ വിളക്കുകളും തെളിഞ്ഞു തുടങ്ങി.. നമ്മളെക്കാള്‍ ഉച്ചത്തില്‍ പപ്പന്‍ ചേട്ടന്‍ പറഞ്ഞു..

"നിങ്ങള്‍ എത്ര പേര് ഉണ്ട് എന്നറിയില്ല.. എല്ലാവരുടെയും ....................... എന്ന്.."

പപ്പന്‍ ചേട്ടന്ടെ ഒച്ച കേട്ട് അടുത്ത വീടുകളിലെയും വലിച്ചു തെളിഞ്ഞു.. പിന്നെ ഒട്ടും അവിടെ നിന്നില്ല.. എന്നും ഇത് ഒരു പതിയായിരുന്നു ഞങ്ങള്‍ക്ക്.. അതോണ്ടാണ് പപ്പന്‍ ചേട്ടന്‍ 5 മക്കളുടെ അച്ഛനായത്.. പാതി രാത്രിയിലും ഉറങ്ങാത്ത പപ്പന്‍ ചെട്ടന്ടെയും പപ്പന്‍ ചേച്ചിയുടെയും മുഖം തെളിഞ്ഞു വരുന്നു ഇപ്പോളും..

പാവം ചേച്ചി...