2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

ബടായി ബാലേട്ടന്

പുറപ്പെടാന്‍ നില്‍ക്കുന്ന ബസ്സില്‍ കയറാന്‍ ഓടുമ്പോഴാണ് പിറകില്‍ നിന്നും ഒരു നിലവിളി..

"ഏയ് ഗോവിന്ദന്‍ മാഷേ.. അവിടെ നിക്ക് ഒരു സ്വകാര്യം പറയാനുണ്ട്..."

"ബാലന് എന്താണാവോ സ്വകാര്യം.." മാഷ്‌ മനസ്സില്‍ പറഞ്ഞു..

ചായകടക്കാരന്‍ബാലേട്ടന്‍ അടുത്തെത്തിയപ്പോഴേക്കും ബസ്സ്‌ പുറപ്പെട്ടിരുന്നു. അതിന്ടെ നീരസം പുറത്തെടുക്കാതെ ചിരിച്ചുകൊണ്ട് ഗോവിന്ദന്‍ മാഷ്‌ ബാലേട്ടനോടു ചോദിച്ചു..

"എന്താ ബാല ഇത്ര വലിയ സ്വകാര്യം..." ശബ്ദം അല്പം പോലും കുറയ്കാതെ ബാലേട്ടന്‍ എട്ടു ദിക്കും മുഴങ്ങുന്ന ശബ്ദത്തില്‍..

"നമ്മുടെ ബാബറി മസ്ജിദ് പൊളിച്ചു അല്ലെ.."

ഉച്ചത്തിലുള്ള സ്വകാര്യം കേട്ടിട്ട് ഗോവിന്ദന്‍ മാഷിനു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. മാഷിന്ടെ ചിരിയില്‍ ബസ്സ്‌ സ്റ്റോപ്പില്‍ ബാക്കിയുണ്ടയിരുന്നവരും പങ്കു ചേര്‍ന്നു.

അപ്പോഴേക്കും അടുത്ത ചോദ്യം ബാലേട്ടന്‍ ഉച്ചത്തില്‍ പൊട്ടിച്ചു..

"അല്ല.. മാഷെങ്ങോട്ടാ..."

"ഞാനൊന്നു പഴയങ്ങാടി ട്രഷറി വരെ.. ബാലനോ?...."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ബാലേട്ടന്‍ കയ്യില്കെട്ടിയ വാച്ചിലേക്ക് നോക്കി പതുക്കെ പറഞ്ഞു..

"ഓ.. സമയം വൈകി..." പിന്നെ ഒന്നും മിണ്ടാതെ മുന്നോട്ടേക്ക് നടന്നു..

ഇത് ഞങ്ങളുടെ ബാലേട്ടന്‍.. ബടായി ബാലേട്ടന്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം..

ബാലേട്ടന്‍ എന്ത് പറഞ്ഞാലും നാട്ടിലുള്ളവര്‍ക്ക് അത് ബടായി ആണ്.. അതുകൊണ്ട് ബടായി ബാലേട്ടന്‍ എന്നാ പേര് വീഴാന്‍ അധികം സമയം വേണ്ടി വന്നില്ല. അല്ലേലും ഒരു പേര് വീഴാനാണോ നാട്ടില്‍ പാട്. ഒന്ന് തുമ്മിയാല്‍ മതി, അപ്പോള്‍ വീഴും പേര്.

പണ്ട് മലായിലായിരുന്നു ബാലേട്ടന്‍, അവിടുത്തെ സായിപ്പിന്ടെ വലം കയ്യായിരുന്നു. ഇത് ബാലേട്ടന്‍ പറഞ്ഞാണ് നാട്ടുകാര്‍ അറിഞ്ഞത്. ബാലേട്ടന്‍ പറഞ്ഞു പറഞ്ഞു നാട്ടുകാര്‍ക്ക് മലായിയെ കുറിച്ച് നല്ല അറിവാണ്. ആദ്യ കാലങ്ങളില്‍ മലായി ബാലേട്ടന്‍ എന്നായിരുന്നു വിളിപ്പേര്.. എപ്പോഴാണെന്നറിയില്ല ബടായി ബാലേട്ടന്‍ എന്നാ പേര് വീണത്.

മാലായില്‍ നിന്നും നാട്ടിലേക്ക് വന്നിട്ട് കാലം ഇമ്മിണിയായി. ഒരു വലിയ തോര്‍ത്ത്‌ മുണ്ടുടുത്ത് നരച്ച മാറിടവും കാണിച്ചു വീടിനോട് ചേര്‍ന്ന ചായകടയില്‍ പത്രം തപ്പി തടഞ്ഞു ഉച്ചത്തില്‍ വായിക്കുന്ന ബാലേട്ടന്ടെ മുഖം ഓര്‍മവെച്ച നാളുമുതല്‍ മനസ്സില്‍ ഉണ്ട്. പത്ര വായനയോടൊപ്പം സ്വന്തം അഭിപ്രായവും ബാലേട്ടന്‍ മറച്ചുവെക്കില്ല. അറിയപ്പെടുന്ന കൊണ്ഗ്രസ്സുകാരനായ ബാലേട്ടനെ ഒരിക്കല്‍ പത്രത്തില്‍ വന്ന വാര്‍ത്ത വല്ലാതെ പ്രകോപിപ്പിച്ചു. വാര്‍ത്ത ബാലേട്ടന്‍ ഉച്ചത്തില്‍ വായിച്ചു..

"ഇന്ദിര ഗാന്ധിക്ക് ആരോ പണമയച്ചു.."

"ആരോ പണം അയച്ചയിന് ഇന്ദിര ഗാന്ധി എന്ന് പെഴച്ചു.. അത് പത്രത്തില്‍ വരാന്‍ മാത്രം അത്ര വല്യ കാര്യാണോ.. പണ്ട് ഞാന്‍ മലായിലായിരുന്നപ്പോള്‍ പൈസ എണ്ണി നാവിനുണ്ടായ തയമ്പ് എനിയും പോയിറ്റില്ല.. പിന്ന്യല്ലേ ഇന്ദിര ഗാന്ധി.."

"പൈസ എണ്ണിയാല്‍ കൈക്കല്ലേ തയമ്പ്... പിന്നെയെങ്കിനെ നാവിനു തയമ്പ് വന്നു ബാലേട്ടാ.." സ്വാഭാവിക സംശയം മറച്ചു വെക്കാതെ അമ്പുക്കന്‍ ചോദിച്ചു..

"എട ചെക്കാ.. പൈസ എണ്ണുമ്പോള്‍ ഇടയ്ക്ക് നാവിനു മുട്ടി വെരലിനു നനക്കില്ലേ.. " ചായ കുട്ടുന്നതിനിടയില്‍ ഭാവ വ്യത്യാസമില്ലാതെ ബാലേട്ടന്‍ തുടര്‍ന്നു.

ബാലേട്ടന്‍ എണ്ണിയ പൈസയുടെ എണ്ണം ആലോചിച്ചപ്പോള്‍ അമ്പുക്കന് തല കറങ്ങി..

"അപ്പൊ നാവിനു തയമ്പാണെങ്കില്‍ വെരലിനു എന്തുന്നായിരിക്കും തയമ്പ്.." അമ്പുക്കന്‍ മനസ്സില്‍ വിചാരിച്ചു.

"നിനക്കറിയോ നാട്ടിലേക്ക് വരാന്‍ നേരം കേട്ട് കണക്കിന് പൈസയാ സായിപ്പു സങ്കടത്തോടെ എനിക്ക് തന്നത്. കപ്പലില്‍ ഭാരം കുടുന്നു എന്ന് പറഞ്ഞപ്പോള്‍ കുറെ ചാക്ക് കടലിലേക്കെറിഞ്ഞു”.. ബാലേട്ടന്‍ തുടര്‍ന്നു..

കുടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അമ്പുകന് അധികം നിന്നില്ല.. ചായയും ഉപ്പുമാവും കഴിച്ചു വേഗം സ്ഥലം വിട്ടു..

എന്തായാലും ബാലേട്ടന്‍ പറയുന്നത് ബടായിയാണേലും കേള്‍ക്കാന്‍ നല്ല രസമാണ്.
എല്ലാത്തിലും ഒരു വൈത്യസ്തത പുലര്‍ത്തുന്ന ആളാണ്‌ ബാലേട്ടന്‍. അത് ബടായിയുടെ കാര്യത്തിലായാലും ബീഡി വലിയുടെ കാര്യത്തിലായാലും ഭക്ഷണം കഴിക്കുന്ന കാര്യത്തിലായാലും...

ബീഡി തല തിരിച്ചു വലിക്കുന്ന ബാലേട്ടന്‍ പറയുന്നത്, ബള്‍ജറ്റ് (ബട്ജെറ്റ്) ലാഭിക്കണമെങ്കില്‍ ബീഡി തലതിരിച്ചു വലിക്കുന്നതാണ് നല്ലത്.. മാക്സിമം ഉപയോഗിക്കാം..
ഇടയ്ക്ക് ബാലേട്ടണ്ടേ സംസാരത്തിനിടയില്‍ ഇംഗ്ലീഷ് കടന്നു വരും.

വലിയ തിരക്കൊന്നും ഇല്ലാത്ത ചായപീടികയാണ് ബാലെട്ടന്ടെത്. അല്ലേലും ബാലേട്ടന് ഈ ചായപീടികയുടെ ആവശ്യമൊന്നുമില്ല ജീവിച്ചു പോകാന്‍..

"ഇത് ബെറും ഡായിം പാസ്.." അങ്ങിനെയാണ് ബടായി ബാലേട്ടന്‍ പറയുക.

സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വീടിനോട് ചേര്‍ന്ന ഒരു ചായിപ്പിലാണ് ബടായി ബാലെട്ടണ്ടേ ചായപീടിക.

ഒരു ദിവസം ഞങ്ങളെല്ലാവരും സ്കൂളില്‍ നിന്നും മടങ്ങി വരുമ്പോള്‍

ബാലേട്ടന്‍ കുട്ടതിലുണ്ടായിരുന്ന രാജനെ അടുത്തു വിളിച്ചു..

"എടാ.മോനെ ഒന്നിങ്ങോട്ടു വാ.. സ്കൂളില്‍ നിന്നും തളര്‍ന്നു വരുന്നതല്ലേ..ചായ കുടിച്ചു പോകാം.."

വേണ്ട ബാലേട്ട.. അച്ഛനറിഞ്ഞാല്‍ എന്നെ കൊല്ലും.." മനസ്സില മനസ്സോടെ പറഞ്ഞുവെങ്കിലും ബാലേട്ടണ്ടേ നിര്‍ബന്ധത്തില്‍ രാജന്‍ വീണു.

അല്ലെങ്കിലും ഭക്ഷണകാര്യത്തില്‍ നിര്‍ബന്ധിച്ചാല്‍ ദുര്‍ബലനാകുന്ന രാജന്‍ ദിവസേന വൈകുന്നേരം ബാലെട്ടണ്ടേ ചായയിലും പരിപ്പുവടയിലും കൂട്ടത്തില്‍ ബാലെട്ടണ്ടേ ബടായിയിലും വീണു..

ഒരു ദിവസം ബാലേട്ടന്‍ ചായകുടിയുടെ കണക്കുമായി രാജന്ടെ വീട്ടിലേക്കു ചെന്നു. കോലായില്‍ ഗൌരവത്തോടെ പത്രം വായിച്ചുകൊണ്ടിരിക്കുന്ന രാജന്ടെ അച്ഛന്ടെ കയ്യിലേക്ക് ചായ കണക്കു കൊടുത്തിട്ട് ബടായി ബാലേട്ടന്‍ മൊഴിഞ്ഞു..

"ഗോവിന്ടെട്ടാ.. നിങ്ങളെ മോന്‍ കുടിച്ച ചായ കണക്കാ ഇത്.. ഒര് അമ്പത് ഉറുപ്പ്യ എടുത്തേ..."

"ഓന്‍, പീടീന്ന് ചായകുടിക്കാനോ.. എടാ രായാ.. ഇങ്ങോട്ട് വാ നായിണ്ടേ മോനെ.."

ഗോവിന്ടെട്ടണ്ടേ അട്ടഹാസം കേട്ട് രാജനോടൊപ്പം ബാലേട്ടനും ഒന്ന് നടുങ്ങി.

"നിനക്കെന്താടാ.. ഇടുന്നു തിന്നാനൊന്നും കിട്ടുന്നില്ലേ.."

അടിക്കിടയില്‍ രാജന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു..

"ഞാന്‍ പറഞ്ഞതാ.. ചായ വേണ്ട വേണ്ടാ എന്ന്... എന്നെ നിര്‍ബന്ദിച്ചു കുടിപ്പിച്ചതാ.."

അമ്പതു രൂപ മുഖത്ത് വലിച്ചെറിഞ്ഞു കൊണ്ട് ഗോവിന്ടെട്ടന്‍ ബാലേട്ടനോടു പറഞ്ഞു.

"ഇനി മേലില്‍ ഇങ്ങത്താന്‍ കണക്കും കൊണ്ട് എന്റെ അടുത്തു വന്നാല്‍ നിന്ടെ ചായ പീടിയ ഞാന്‍ കത്തിക്കും.."

ഞാനൊന്നും അറിഞ്ഞില്ല എന്നാ മട്ടില്‍ കിട്ടിയ പണവുമായി ബാലേട്ടന്‍ നടന്നകന്നു..
രാജന്‍ പതിവ് ചായകുടി അതോടെ നിര്‍ത്തി.. കുട്ടത്തില്‍ അവിടെ എത്തുമ്പോള്‍ ബാലേട്ടനെ രൂക്ഷമായി നോക്കാനും മറന്നില്ല.

ബാലേട്ടന്‍ പതിവ് ബടായി തുടര്‍ന്നു..

ബാലെട്ടണ്ടേ ചായകടയ്ക്ക് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്ത് വെച്ചാണ് മിക്ക വണ്ടികളും തിരിച്ചു പോകാറുള്ളത്.
ഒരു ദിവസം കല്ലിറക്കാന്‍ വന്ന ലോറി ഒരു വശത്തെ ലോഡു ഇറക്കിയതിനു ശേഷം തല തിരിക്കാന്‍ വേണ്ടി പിറകിലോട്ടെടുതപ്പോള്‍ ബാലേട്ടന്‍ അവിടെ എത്തി..

"നിങ്ങ പിറകിലേക്കെടുത്തോ .. ഞാന്‍ നോക്കി കൊള്ളാം.."

ബാലേട്ടന്‍ കൈവീശി ഉച്ചത്തില്‍ "റൈറ്റ്.. റൈറ്റ് എന്ന് പറഞ്ഞു.."

ഡ്രൈവര്‍ ബാലെട്ടണ്ടേ മുഴക്കമുള്ള റൈറ്റ് കേട്ട് പിറകിലോട്ടു ലോറി തിരിച്ചു..

പിറകിലെ കുഴിയുടെ അടുത്ത് ലോറിയുടെ പിന്‍ചക്രം എത്തിയപ്പോള്‍ കൈ രണ്ടും ഉയര്‍ത്തി ഉച്ചത്തില്‍ ബാലേട്ടന്‍ 'റൈറ്റ്' ..........

ബാലേട്ടണ്ടേ 'റൈറ്റ്' നിര്‍ത്താനുള്ളതാനെന്നറിയാതെ ഡ്രൈവര്‍ ലോറി പിറകിലോട്ടെടുത്തതും പാതി ലോഡുള്ള ലോറി കുഴിയിലേക്ക് താഴ്ന്നു പോയതും ഒന്നിച്ചായിരുന്നു.

ദേഷ്യം ഉള്ളിലൊതുക്കി ഡ്രൈവര്‍ ബാലേട്ടനോടു പറഞ്ഞു..

"ബാലേട്ടാ.. ദയവു ചെയ്ത് ഇനി മേലില്‍ ആരോടും 'റൈറ്റ്' പറയരുത്.."

"ശരി 'റൈറ്റ്'..." ബാലേട്ടന്‍ പിന്നെ അവിടെ നിന്നില്ല. നേരെ ചായപീടികയിലേക്ക് വലിഞ്ഞു..

ഇപ്പോഴും ബാലേട്ടണ്ടേ 'റൈറ്റ്' അന്തരീക്ഷത്തില്‍ മുഴങ്ങി നില്കുന്നു..